നടവയലിൽ തെരുവുനായ്ക്കൾ 1300 കോഴികളെ കടിച്ചു കൊന്നു
നടവയൽ : നടവയൽ ചിറ്റാലൂർക്കുന്നിൽ തെരുവ് നായ്ക്കൾ 1300 കോഴികളെ കടിച്ചു കൊന്നു. നടവയൽ തെങ്ങടയിൽ അബ്രാഹിമിന്റെ ചിറ്റാലൂർക്കുന്നിലെ ഫാമിലെ കോഴികളെയാണ് കൂട്ടത്തോടെ അക്രമിച്ചു കൊന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിഫാമിന്റെ കമ്പിവല തകർത്ത് അകത്ത് കയറിയ നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു. നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അബ്രഹാം പറഞ്ഞു. കർഷകന് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. നടവയൽ ഗവ: മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ: അനിത പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി.
നടവയലിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണ്. തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞുതിരിയുകയാണ്. ഒട്ടേറെ പേരെ ഇതിനോടകം തെരുവുനായ്ക്കൾ ആക്രമിച്ചു. ആടുകളെ കൊല്ലുകയും ചെയ്തു. അക്രമകാരികളാവുന്ന ഇവയെ പേടിച്ച് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കൾ വിടുന്നത് ഭീതിയോടെയാണ്. അടിയന്തിര പരിഹാര നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രം : നടവയൽ ചിറ്റാലൂർക്കുന്നിൽ തെരുവ് നായ്ക്കൾ കടിച്ചുകൊന്ന കോഴികൾ