മിന്നു മണിക്ക് ജന്മനാടിന്റെ ആദരവ് : മൈസൂര്‍ റോഡ് ഇനി മുതല്‍ മിന്നു മണിയുടെ പേരില്‍ അറിയപ്പെടും
മാനന്തവാടി : മാനന്തവാടി – മൈസൂര്‍ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റില്‍ കേരളത്തെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂര്‍ റോഡ് അറിയപ്പെടുക.
മിന്നു മണിയുടെ പ്രകടന മികവില്‍ മാനന്തവാടി മുൻസിപ്പല്‍ ഭരണസമിതി യോഗത്തിലാണ് റോഡിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ, മാനന്തവാടി- മൈസൂര്‍ റോഡ് ഇനി മുതല്‍ ‘മിന്നു മണി റോഡ്’ എന്ന പേരില്‍ അറിയപ്പെടും.
ആദ്യ രാജ്യാന്തര ട്വിന്റി20 മത്സരത്തില്‍ മിന്നു മണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മത്സരത്തില്‍ തന്നെ മിന്നു മണിക്ക് വിക്കറ്റ് സാധിച്ചിട്ടുണ്ട്. ഇതിന്റെ ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. മിന്നു മണിയുടെ വീട്ടുകാരും നാട്ടുകാരും മൊബൈലിലൂടെയാണ് മത്സരം കണ്ടത്. താരത്തിന്റെ അടുത്ത പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ചോയിമൂല ഗ്രാമം.