തിരുനെല്ലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
മാനന്തവാടി : തിരുനെല്ലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്.
9:30 തോടെ പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് ബീനയെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ പി.എച്ച്.സിയിലെ 108 ആംബുലൻസും ആരോഗ്യ പ്രവർത്തകരും കോളനിയിലെത്തി ബീനയുമായി വരുന്ന വഴിയായിരുന്നു 10.20 ഓടെ യുവതി ആംബുലൻസിൽ പ്രസവിച്ചത്.
ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് ബെറിൻ വാഹനത്തിൽ വച്ച് തന്നെ അടിയന്തിര ശുശ്രൂഷ നൽകിയ ശേഷം അപ്പപ്പാറ പി.എച്ച്.സിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. ബീനയുടെ മൂന്നാമത്തെ പ്രസവമാണിത്.