പനമരം സ്വദേശി അഫ്‌സലിന് ഉപരിപഠനത്തിന് വിദേശ സ്കോളർഷിപ്പ്
പനമരം : രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂനിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് പനമരം സ്വദേശി അഫ്‌സൽ അത്താണിക്കൽ അർഹനായി.
44.5 ലക്ഷം (49,000 യൂറോ) രൂപയാണ് സ്കോളർഷിപ് തുക. യൂറോപ്യൻ യൂനിയന്റെ അംഗരാജ്യങ്ങളിലെ മൂന്ന് സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാമെന്നതാണ് സ്കോളർഷിപ്പിന്റെ പ്രത്യേകത.
ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ ഫോറസ്ട്രി ഗവേഷണത്തിലെ യൂറോപ്യൻ മികവിന്റെ മൂന്ന് കേന്ദ്രങ്ങളിലാകും രണ്ടുവർഷത്തെ പഠനം. ‘മെഡിറ്ററേനിയൻ ഫോറസ്ട്രി ആൻഡ് നാച്ചുറൽ റിസോഴ്സ് മാനേജ്‌മന്റ്’ എന്ന പ്രോഗ്രാമിൽ ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികളിൽ ഒരാളാണ് അഫ്‌സൽ.
മഹാരാഷ്ട്രയിലെ ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഡ് സർവകലാശാലയിൽ നിന്നാണ് അഫ്‌സൽ ബാച്ലർ ഓഫ് ഫോറസ്ട്രി ബിരുദം നേടിയത്. പനമരം സ്വദേശികളായ അത്താണിക്കൽ സലീമിന്റെയും ഫൗസിയയുടെയും മകനാണ്.