വീടുകൾ കേന്ദ്രീകരിച്ച് മോഷണം : രണ്ടുപേർ അറസ്റ്റിൽ
പനമരം : വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സംഘത്തിലെ രണ്ടുപേരെ പനമരം പോലീസ് അറസ്റ്റു ചെയ്തു. പനമരം കരിമ്പുമ്മലിൽ താമസിക്കുന്ന ശിവകുമാർ (43 ), മാത്തൂർ തിരുവാൾ ക്വട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു ( 23 ), എന്നിവരെയാണ് പനമരം ടൗൺ പരിസരത്ത് വെച്ച് ബുധനാഴ്ച ഉച്ചയോടെ പിടികൂടിയത്. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. കുറേകാലമായി പനമരത്താണ് താമസം.
കഴിഞ്ഞദിവസം അഞ്ചുകുന്ന് ഡോക്ടർപടിയിലെ കുത്ത്കല്ലിങ്കൽ വീട്ടിൽ ആക്രി കച്ചവടം നടത്തിവരുന്ന സിദ്ധീഖിന്റെ വീട്ടിൽ നിന്നും 65000 രൂപ വിലവരുന്ന കോപ്പർ വയറുകളും ഇരുമ്പ് വസ്തുകളും മറ്റും മോഷണം പോയിരുന്നു. ഈ മോഷണ സംഘത്തിൽപ്പെട്ട പ്രതികളിലാണിവർ. മോഷ്ടിക്കുന്ന സാധനങ്ങൾ മറ്റ് ഗുജറികളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ് പതിവാണ്.
ഇതിന് പുറമേ വിവിധ മോഷണക്കേസുകളിൽ പ്രതികളാണ്. ഇവർ കമ്പളക്കാട് സ്റ്റേഷൻ പരിധിയിലും സമാന രീതിയിലുള്ള മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ലഹരിക്കടിമപ്പെട്ട ഇവരുടെ കൈകളിൽ മുറിപ്പാടുകളുണ്ട്. സംഘത്തിൽ വേറെയും ആളുകൾ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
മാനന്തവാടി ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പനമരം എസ്.ഐ ഇ.കെ അബൂബക്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ അസീസ്, പി. വിനീത് കെ.ആൽബിൻ, വി.രാജേഷ് എന്നിവർ ചേർന്നാണ് പ്രതികള പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.