എടത്തംകുന്നിൽ കൃഷിയിടത്തിലേക്കുള്ള റോഡിൽ സ്വകാര്യവ്യക്തി ചാലുകീറി : പഞ്ചായത്ത് റോഡ് പുനഃസ്ഥാപിച്ച് കർഷകർ
അഞ്ചുകുന്ന് : സ്വകാര്യവ്യക്തി ചാലുകീറി തടസ്സപ്പെടുത്തിയ പഞ്ചായത്ത് റോഡ് പുനഃസ്ഥാപിച്ച് കെ.എസ്.കെ.ടി.യു. അഞ്ചുകുന്ന് വില്ലേജിലെ എടത്തംകുന്ന് വെള്ളമ്പാടി പാടശേഖരത്തിലേക്കുള്ള റോഡാണ് കെ.എസ്.കെ.ടി.യുടെ നേതൃത്വത്തിൽ കർഷകർ ചേർന്ന് ചാലുമൂടി ഗതാഗത യോഗ്യമാക്കിയത്.
വെള്ളമ്പാടിയിലെ 60 ഏക്കറോളം വരുന്ന കൃഷിയിടത്തിലേക്കുള്ളതാണ് റോഡ്. എടത്തംകുന്നിൽ നിന്നും വെള്ളമ്പാടി വയലിലേക്കുള്ള 400 മീറ്റർ മൺറോഡിൽ കഴിഞ്ഞ ആഴ്ച സ്വകാര്യ വ്യക്തി ചാലുകീറുകയായിരുന്നു. പഞ്ചായത്ത് ആസ്തിയിലുള്ള മണ്‍ റോഡിന്റെ നടുവിലൂടെ 100 മീറ്ററോളംഭാഗം സ്വകാര്യ വ്യക്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറിയതോടെ വര്‍ഷങ്ങളായി ട്രാക്ടറും കൊയ്ത്ത് യന്ത്രവും കൊണ്ടു പോകുന്ന കര്‍ഷകര്‍ ദുരിതത്തിലായി. ഇതേത്തുടർന്നായിരുന്നു ഞായറാഴ്ച കേരള കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംഘടിച്ച് ചാല് മണ്ണിട്ട് മൂടി റോഡ് പുനഃസ്ഥാപിച്ചത്.
കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡണ്ട് പി.കെ ബാലസുബ്രമണ്യന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു അഞ്ചുകുന്ന് വില്ലേജ് സെക്രട്ടറി എന്‍.ഉണ്ണി, ബേസില്‍ മാത്യു ജോസ്, കെ.യു വേലു, രവീന്ദ്രന്‍ മാനിയിൽ, അനിത എടത്തംകുന്ന്, രമേശന്‍ ചെമ്പോട്ടി, ബാബു മാതോത്ത്പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.