നെയ്ക്കുപ്പയിൽ കാട്ടാന ഓട്ടോറിക്ഷയും, ചീങ്ങോടിൽ കിണറിന്റെ ആൾമറയും തൂണും തകർത്തു
കേണിച്ചിറ : പൂതാടി പഞ്ചായത്തിലെ ചീങ്ങോടും, നെയ്ക്കുപ്പയിലും കാട്ടാനയുടെ വിളയാട്ടം. നെയ്ക്കുപ്പ ഏ.കെ.ജിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. ചീങ്ങോടിൽ കാട്ടാന കിണറിന്റെ ആൾമറയും തൂണും തകർത്തു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് നടവയൽ ടൗണിലെ ഓട്ടോ തൊഴിലാളിയായ കോഴിശ്ശേരിൽ രാജേഷിൻ്റെ ഓട്ടോറിക്ഷ കാട്ടാന മറിച്ചിട്ട് നശിപ്പിച്ചത്. നിർമാണം നടക്കുന്ന വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് തകർത്തത്. വീടിൻ്റെ നടയിലൂടെ നടന്ന് സമീപത്തെ പ്ലാവിന് ചുവട്ടിലേക്ക് പോയ ആന ഓട്ടോ തള്ളി മറിക്കുകയായിരുന്നു. മഴയായതിനാൽ കാട്ടാനയെത്തിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. രണ്ട് ആഴ്ച മുമ്പ് കാട്ടാന ഇദേഹത്തിൻ്റെ വീടിനോട് ചേർന്ന് സ്ഥാപിച്ച കോഴിക്കൂടിൻ്റെ മേൽക്കുര തകർക്കുകയും, കോഴിക്കൂട് അടിച്ചു തെറിപ്പിക്കുകയും, വിറകുപുര നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ പുറത്തിറങ്ങി ബഹളം വച്ചതോടെയാണ് കാട്ടാന വീട്ടുമുറ്റത്തു നിന്ന് മാറാൻ കൂട്ടാക്കിയത്.
രാത്രി 1.30 ഓടെയാണ് ചീങ്ങോട് പുത്തൻ പുരക്കൽ ജോസഫിന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറയും, തൂണുകളും കാട്ടാന തകർത്തത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ ആന കൃഷിയിടത്തിലേക്ക് പിൻമാറി. നാളുകളായി ചീങ്ങോടും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തിയിലെ വൈദ്യുതിവേലി തകർന്നതും അധികൃതർ വേലിയുടെ അറ്റകുറ്റ പണികൾ നടത്താൻ തയ്യാറാവാത്തതുമാണ് കാട്ടാനകൾ നാട്ടിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പാതിരി സൗത്ത് സെക്ഷനിൽ നിന്നുമാണ് ചീങ്ങോടും, നെയ്ക്കുപ്പയിലും കാട്ടാനയെത്തിയത്. കഴിഞ്ഞ ഒന്നര മാസമായി നെയ്ക്കുപ്പ മേഖലയിൽ കാട്ടാനയുടെ വിളയാട്ടമാണ്. വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമേയാണ് നടക്കുന്ന വഴിയിൽ തടസ്സമായി നിൽക്കുന്നതെല്ലാം നശിപ്പിക്കുന്നത്. പ്രദേശത്തെ വീട്ടുമുറ്റങ്ങളിലൂടെ നടക്കുന്ന കാട്ടാന വീടിന് സമീപം വലിച്ചുകെട്ടുന്ന ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഇതിനോടകം ഒട്ടേറെ കർഷകരുടെ വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികൾ വ്യാപകമായി തകർത്തു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനയെ പടക്കം പൊട്ടിച്ചും ബഹളം വച്ചും ഓടിക്കാൻ ശ്രമിച്ചാൽ ആന കർഷകരെ തിരിച്ച് ഓടിക്കുന്ന അവസ്ഥയാണുള്ളത്.