September 20, 2024

മാതോത്തുപൊയിലിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് നിർമിക്കാൻ നീക്കം : നാട്ടുകാർ പ്രവൃത്തി തടഞ്ഞു

1 min read
Share

 

പനമരം : മാതോത്തുപൊയിലെ കാക്കത്തോടിൽ പനമം ബ്ലോക്ക് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി പ്ലാന്റ് നിർമിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ നിർമാണ പ്രവൃത്തി തടഞ്ഞു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പരിസരവാസികൾ സംഘടിച്ചെത്തി പ്രവൃത്തി നിർത്തിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അഞ്ച് ഗ്രാമപ്പഞ്ചായത്തിലെയും മാലിന്യങ്ങൾ കൊണ്ടുവന്ന് സംസ്ക്കരിക്കാനായി ഒരുക്കുന്നതാണ് പുതിയ കെട്ടിടമെന്ന് നാട്ടുകാർ പറഞ്ഞു. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.

 

കാക്കത്തോടിലെ മാലിന്യകേന്ദ്രത്തോട് ചേർന്നാണ് പരിസരവാസികൾ പോലും അറിയാതെ പുതിയ സംസ്കരണ പ്ലാന്റ് നിർമിക്കാൻ നീക്കം നടന്നത്. ചൊവ്വാഴ്ച രാവിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും അഞ്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വാഹനങ്ങൾ റോഡരികിൽ കണ്ടതോടെ നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് ആരെയും അറിയിക്കാതെ പ്ലാന്റ് ഒരുക്കാൻ നീക്കം നടക്കുന്നത് പുറത്തറിയുന്നത്. രാവിലെ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മവും നടത്തിയിരുന്നു. നാട്ടുകാർ പനമരം പഞ്ചായത്തിൽ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ ഇവർ കാക്കത്തോടിലേക്ക് സംഘടിച്ചെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിനുള്ള പില്ലർ ഒരുക്കാനായി കുഴിയെടുക്കുന്ന പ്രവൃത്തി നിർത്തിച്ചു. തൊഴിലാളികളെയും വാഹനങ്ങളും മറ്റും കയറ്റിവിടുകയും ചെയ്തു.

 

പനമരം വലിയ പുഴയോട് ചേർന്നുള്ള പ്രദേശത്ത് ഇത്തരം ഒരു കെട്ടിടം എത്തിയാൽ വലിയ പ്രത്യാഖാതങ്ങൾക്കിടയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 2018, 19 കാലത്തെ പ്രളയ കാലത്ത് ഈ പ്രദേശങ്ങളെല്ലാം പുഴ കരകവിഞ്ഞൊഴുകി വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. വീണ്ടും മഴ കനത്താൽ പുതിയ കെട്ടിടവും മുങ്ങും. ഇതോടെ മാലിന്യം പുഴയിലൂടെ വ്യാപിക്കും. ആദിവാസി കോളനികൾ ഉൾപ്പെടെ 200 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മാതോത്തു പൊയിലിനോട് ചേർന്ന വയലിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഒരുക്കിയാൽ ജനം തീർത്തും ദുരിതത്തിലാവും.

 

രണ്ട് ഏക്കറിലേറെയുള്ള ഈ ഭൂമിയിലെ 50 സെന്റ് സ്ഥലം പൊതുശ്‌മശാനത്തിനും ഒന്നര ഏക്കർ സാംസ്കാരിക നിലയം പോലുള്ള പൊതു ആവശ്യത്തിനായിരുന്നു രേഖയിൽ. കബഡി പരിശീലന മൈതാനമായിരുന്ന ഇവിടെ മുമ്പ് പഞ്ചായത്ത് മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനായി ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതിരുന്നു. എന്നാൽ ഇവിടം പിന്നീട് മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കി പഞ്ചായത്ത് മാറ്റി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കാൻ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധം കനത്തു. ഇതോടെ ഇവിടെ മാലിന്യം തളളുന്നത് ഒഴിവാക്കുകയായിരുന്നു.

 

എന്നാൽ ഇപ്പോൾ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളെല്ലാം വീണ്ടും ഇവിടെയാണ് സൂക്ഷിക്കുന്നത്. സ്ഥലപരിമിതിമൂലം പുതുതായി ഒരു കെട്ടിടം കൂടി പണിതെങ്കിലും നിർമാണം പാതിവഴിയിലാണ്. ഇതിനിടെ സംസ്കരണ പ്ലാന്റ് നിർമാണത്തിനും തുടക്കം കുറിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്. 2020 ൽ പനമരം പഞ്ചായത്തിലെ പച്ചത്തുരുത്തായി പ്രഖ്യാപിച്ച ഭൂമികൂടിയാണിത്.

 

അതേസമയം സംസ്കരണ പ്ലാന്റ് അല്ല പകരം പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റാണ് നിർമിക്കുന്നതെന്ന്

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പ്രതികരിച്ചു. ബ്ലോക്ക് പരിധിയിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുൾപ്പെടെ പരിഹാരം കാണാനാണ് പുതിയ നിർമാണം. 18 ലക്ഷം രൂപയോളം വിനിയോഗിച്ച് പണിയുന്ന രണ്ട്നില കെട്ടിത്തിലെ ഒന്നാം നിലയിൽ പുതിയ പ്രൊജക്ടിൽ തുക വകയിരുത്തി ആധുനിക മെഷീനുകൾ സ്ഥാപിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുക. പനമരം ഗ്രാമപ്പഞ്ചായത്തിന്റെ എം.സി.എഫിൽ എത്തിക്കുന്ന ഹരിത കർമ്മസേനകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ എടുത്ത് പൊടിച്ച് ടാറിംഗിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. ഉടൻ കയറ്റിപ്പോവുകയും ചെയ്യും. ഇവിടെ മാലിന്യങ്ങൾ സൂക്ഷിക്കുകയാ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഉണ്ടാവില്ല. ഒരുപാട് തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും. പരിസരവാസികൾക്ക് ബോധവത്കരണം നടത്തി നിർമാണം പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും ഗിരിജ കൃഷ്ണൻ പ്രതികരിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.