ഗോത്രസാരഥി ജീവനക്കാർക്ക് അഞ്ചുമാസത്തെ വേതനം നൽകിയില്ല : പനമരത്ത് തൊഴിലാളി സമരം 30 ന്
പനമരം : ഗോത്രസാരഥി ജീവനക്കാർക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് അധികൃതർ അഞ്ചുമാസത്തെ വേതനം നൽകാത്തതിൽ പ്രതിഷേധം. ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജൂൺ 30 ന് വെള്ളിയാഴ്ച രാവിലെ 10 ന് പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും.
കേരള സർക്കാറിന്റെ ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി പനമരം ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സർക്കാർ സ്ക്കൂളുകളിലെ ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർഥികളെ വീട്ടിൽ നിന്ന് സ്ക്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും കൊണ്ടുപോയി വിടുന്ന ജോലി ഏറ്റെടുത്ത 50 ഓളം തൊഴിലാളികളാണ് വേതനം കിട്ടാതെ പ്രയാസ്സത്തിലായത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള കുടിശ്ശികയായ 49 ലക്ഷം രൂപ നാളിതുവരെ നൽകാതെ തൊഴിലാളികളോട് പനമരം പഞ്ചായത്ത് നടത്തുന്ന അനാസ്ഥയ്ക്കെതിരെയാണ് സമരം. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് തൊഴിലാളികൾ നിവേദനം നൽകി. സി.ഐ.ടി.യു പനമരം പഞ്ചായത്ത് സെക്രട്ടറി പി.സന്തോഷ്, തങ്കച്ചൻ കാപ്പുംഞ്ചാൽ, എൻ.എ ആശിഷ്, വൈ.എ പ്രവീൺ, കെ.വി പ്രജീഷ് എന്നിവർ നേതൃത്വം നൽകി.