നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകി വീണ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സയുടെ വീട്ടിലെ പ്രവൃത്തിക്കാണ് സ്വപന്‍ റോയ് എത്തിയത്. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീണ സ്വപന്‍ റോയിയുടെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീണു. ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റ സ്വപനെ ഉടന്‍ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തും.