പനമരത്ത് ജലനിധിയുടെ പമ്പ് ഹൗസ് മണ്ണിടിഞ്ഞ് താഴ്ന്നു : 600 കുടുംബങ്ങൾ ദുരിതത്തിൽ
പനമരം : പനമരത്തെ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ പമ്പ് ഹൗസ് ഒരു മീറ്ററോളം താഴ്ന്നു. 600 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പനമരം സി.എച്ച്.സിയ്ക്ക് പുറകിലായി വലിയ പുഴയോരത്ത് സ്ഥാപിച്ച പമ്പ് ഹൗസാണിത്. കഴിഞ്ഞ ദിവസത്തെ മഴയെത്തുടർന്ന് സമീപത്തെ മണ്ണിടിഞ്ഞാണ് പമ്പ് ഹൗസ് താഴ്ന്നത്.
കഴിഞ്ഞ ദിവസം പമ്പ് ഓപ്പറേറ്റർ വെള്ളം പമ്പ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പമ്പ് ഹൗസിന്റെ ചുമരുകൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പമ്പ് ഹൗസിലേക്കെത്താനായി ഒരുക്കിയ കോൺഗ്രീറ്റ് സ്ലാബും മണ്ണിടിഞ്ഞ് പോയി തകർച്ചയിലായി. അടിയിലെ മണ്ണ് ഇളകിയതോടെ പമ്പ് ഹൗസ് ഇരുന്നു പോവുകയായിരുന്നു. പമ്പ് ഹൗസിന് ഉള്ളിലെ മോട്ടോറുകളും, പമ്പുകളും, ചിതറി കിടക്കുകയാണ്. മോട്ടോർ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി ഓപ്പറേറ്റർ കെ.ടി സുബൈർ പറഞ്ഞു. രാത്രി വലിയ ശബ്ദം കേട്ടതായി പരിസരത്തെ വീട്ടുകാരും പറഞ്ഞു. മഴ ശക്തമായൽ പമ്പ് ഹൗസ് പൂർണമായും പുഴയിലേക്ക് മറിഞ്ഞ് നിലംപൊത്തും.
പനമരം ഗ്രാമപ്പഞ്ചായത്തിലെ എട്ട്, ഒൻപത്, 10, 11, 12, 13, 20 വാർഡികളിൽ കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൗസിലൂടെയാണ്. വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റിക്കായി നിർമിച്ച കെട്ടിടം ജലനിധിക്ക് വിട്ടു നൽകുകയായിരുന്നു. ഇതാണ് ഇപ്പോൾ നിലംപൊത്തൽ ഭീഷണിയിലായത്. ഇതോടെ കുടിവെള്ളം ലഭിക്കാതെ കുടുംബങ്ങൾ നെട്ടോട്ടമോടേണ്ട ഗതികേടിലാണ്. ഉടൻ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.