മുസല്ല ഹോട്ടലിലെ ഭക്ഷ്യവിഷബാധ : പനമരത്ത് ഏഴുപേർ കൂടി ചികിത്സയിൽ
പനമരം : കൽപ്പറ്റയിലെ മുസല്ല ഹോട്ടലിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് പനമരത്ത് ഏഴുപേർ കൂടി ചികിത്സ തേടി. പനമരം സി.എച്ച്.സിയിൽ മൂന്നുപേരും, പനമരത്തെ സ്വകാര്യ ആശുപത്രിയിൽ നാലുപേരുമാണ് ചൊവ്വാഴ്ച ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് പനമരം കാര്യാട്ട് കുടുംബാംഗങ്ങളായ 14 പേർ തിങ്കളാഴ്ച പനമരം സി.എച്ച്.സിയിലും മൂന്നുപേർ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിൽ പനമരത്തുനിന്നും പത്തു വയസ്സുകാരിയായ ഒരു കുട്ടിയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
കുഴിമന്തിയും, അൽഫാമും കഴിച്ചെങ്കിലും ഭക്ഷ്യവിഷബാധയേറ്റില്ലെന്ന് കരുതിയ പനമരം കാര്യാട്ട് കുടുംബത്തിൽപ്പെട്ട നസീർ (53) , സഹോദരൻ സാദിഖ് (42 ) എന്നിവർക്ക് തിങ്കളാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തലവേദനയും, വയറിളക്കവും, ഛർദ്ദിയും, ക്ഷീണവും അധികരിച്ചതോടെ ഇരുവരും ചൊവ്വാഴ്‌ച രാവിലെ പനമരം സി.എച്ച്.സിയിൽ ചികിത്സ തേടുകയായിരുന്നു. ഇതോടെ കാര്യാട്ട് കുടുംബത്തിലെ 19 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
പനമരം മാതോത്തുപൊയിൽ സ്വദേശികളായ അഞ്ച് യുവാക്കൾക്കും ഭക്ഷ്യവിഷബാധയേറ്റു. നിധിൻ (29), ഷനിൽ (29), ഷിജിൽ (28), മനുരാജ് (31), ജിഷ്ണു ( 27 ) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നിധിൻ പനമരം സി.എച്ച്.സി യിൽ ചികിത്സയിലാണ്. മറ്റു നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഞായാറാഴ്ച രാത്രി സുഹൃത്തുക്കൾ അഞ്ചുപേരും കൽപ്പറ്റയിലെ മുസല്ല റെസ്റ്ററന്റിലെത്തി മന്തി കഴിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു.
അതേസമയം, ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിനോദ സഞ്ചാരികൾ ഉൾപ്പെടെ 42 പേർ തിങ്കളാഴ്ച വിവിധയിടങ്ങളിൽ ചികിത്സതേടിയിരുന്നു.
ചിത്രം : ചൊവ്വാഴ്ച പനമരം സി.എച്ച്.സിയിൽ ചികിത്സതേടിയ മാതോത്തുപൊയിൽ സ്വദേശി നിധിൻ.