പഴയത് പൊളിച്ചിടത്ത് വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നു ; നിർമാണ പ്രവൃത്തി തടഞ്ഞ് ഡി.വൈ.എഫ്.ഐ
പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിനകത്ത് പുതിയ കാത്തിരിപ്പുകേന്ദ്രം പണിയുന്നതിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ബസ് സ്റ്റാൻഡിന്റെ ഓരത്ത് പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നതിനുള്ള പ്രവൃത്തി വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി പ്രവർത്തകരെത്തി തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് നിർമാണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്. നാല് വലിയ കുഴികളെടുത്ത് മണ്ണ് മാറ്റി നിർമാണം നടത്തുന്നതിനിടെയായിരുന്നു തടഞ്ഞത്.
പനമരത്തെ ബസ് സ്റ്റാൻഡിൽ നിലവിലുള്ള കാത്തിരിപ്പുകേന്ദ്രം ഒടിഞ്ഞുതൂങ്ങി നിലംപൊത്തൽ ഭീഷണിയിലാണ്. യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കാൻ ഇടമില്ലാത്തത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് പരിഹാരമായി പുതിയ കാത്തിരിപ്പുകേന്ദ്രം പണിയാൻ ഭരണസമിതി തീരുമാനിച്ചത്. എന്നാൽ മുമ്പുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചിടത്ത് തന്നെ പുതിയത് പണിയുന്നതാണ് ഡി.വൈ.എഫ്.ഐ ചൊടിപ്പിച്ചിരിക്കുന്നത്. യാതൊരു തകരാറുമില്ലാതെ ബസ് സ്റ്റാൻഡിന്റെ ഓരത്തുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം ഈ ഭരണ സമിതിയുടെ കാലത്താണ് പൊളിച്ചു മാറ്റിയത്. ഇതിനോട് ചേർന്ന് പഞ്ചായത്ത് സാംസ്കാരിക പരിപാടികൾക്കായി സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. ഇതിന് മറയുണ്ടാകാതിരിക്കാനും പുറകിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സങ്ങൾ ഒഴിവാക്കാനുമായിരുന്നു ഒരുപാടു പേർക്ക് ആശ്രയമായ കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയതെന്ന് ആരോപണങ്ങൾ അന്നുതന്നെ ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും അതേ ഇടത്ത് പുതിയ കാത്തിരിപ്പു കേന്ദ്രം ഒരുക്കാനുള്ള നീക്കം പാഴ്ച്ചിലവായി മാറുമെന്നാണ് ആരോപണം.
2019 മാർച്ച് മാസത്തിലാണ് പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്തായി ലക്ഷങ്ങൾ മുടക്കി പുതിയ കാത്തിരിപ്പുകേന്ദ്രം പണിതത്. യാതൊരു കുഴപ്പവുമില്ലാത്ത പഴയത് പൊളിക്കുന്നതിനെ ചൊല്ലിയും, മധ്യഭാഗത്ത് ബസ് കാത്തിരിപ്പു കേന്ദ്രം പണിയുന്നതിലും ഏറെ വിമർശനങ്ങൾ ഉയർന്നെങ്കിലും അധികൃതരാരും അത് ചെവിക്കൊണ്ടില്ല. റോഡിലേക്ക് അല്പം നീങ്ങിയിരുന്ന പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം മാസങ്ങൾ തികയും മുമ്പേ ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറ്റിത്തിരിക്കുന്നതിനിടെ തട്ടാനും തകരാനും തുടങ്ങി. ഇപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പില്ലറുകൾ വളഞ്ഞിരിക്കുകയാണ്. മേൽക്കുരയിലെ ഷീറ്റുകളും പൊളിഞ്ഞു. ഒരു ഭാഗത്തേക്ക് ഒടിഞ്ഞുതൂങ്ങി ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. തുറസ്സായ സ്ഥലമായതിനാൽ വെയിലും മഴയും ഇതിനകത്തേക്ക് എത്തും. സ്ഥലപരിമിതിയുമുണ്ട്.
പഞ്ചായത്ത് ഭരണസമിതി ഒരു മാനദണ്ഡവും പാലിക്കാതെ അശാസ്ത്രീയമായാണ് പുതിയ കാത്തിരിപ്പുകേന്ദ്രം പണിയുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത നിർമാണം ദുർച്ചിലവായി മാറും. നേരത്തെ നിലനിന്നിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം യാതൊരു കാരണവും കൂടാതെ പഞ്ചായത്തിന്റെ ലക്ഷങ്ങൾ ചിലവഴിച്ച് ഒരു സ്റ്റേജ് പണിയാൻ വേണ്ടിയാണ് പൊളിച്ചു മാറ്റിയത്. സ്റ്റേജിന്റെ പണി പൂർത്തിയാക്കി മാസങ്ങൾ കഴിയുന്നതിനിടെ വീണ്ടും സ്റ്റേജ് പൂർണമായും മറയുന്ന രീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കങ്ങൾക്ക് എതിരെ ഡി.വൈ.എഫ്.ഐ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡി.വൈ.എഫ്.ഐ. പനമരം ബ്ലോക്ക് ട്രഷറർ എം.പി അക്ഷയ്, മേഖല ജോ.സെക്രട്ടറി എം.ഹബീബ്, എ.മുക്താർ, സി. അസീസ് തുടങ്ങിയവർ സംസാരിച്ചു
.