കരിമ്പുമ്മലിൽ അപകടക്കെണിയൊരുക്കി റോഡിലേക്ക് ഒടിഞ്ഞുതൂങ്ങി തലപോയ മരം
പനമരം : യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി റോഡരികിൽ ഒടിഞ്ഞുതൂങ്ങി തലപോയ അക്വോഷ്യ മരം. കരിമ്പുമ്മൽ വാടോച്ചാലിലെ പെട്രോൾ പമ്പിന് മുൻവശത്താണ് മരമുള്ളത്. കഴിഞ്ഞ ദിവസം ഏതോ വാഹനം ഇടിച്ചതിനെത്തുടർന്ന് അക്വോഷ്യ മരം റോഡിലേക്ക് ചാഞ്ച് നിൽക്കുകയായിരുന്നു. ഞായറാഴ്‌ച പെയ്ത ശക്തമായ മഴയോടൊപ്പമെത്തിയ കാറ്റിൽ മരത്തിന്റെ ചില്ലകൾ ഉൾപ്പെടുന്ന മുകൾ ഭാഗം റോഡിലേക്ക് ഒടിഞ്ഞു തൂങ്ങി. രാത്രിയിൽ ഏതോ വാഹനം ഈ ചില്ലയിൽതട്ടി മുകൾഭാഗം മുറിഞ്ഞു വീണു. ഇപ്പോൾ റോഡിന്റെ പകുതിയോളം ഈ മരം ചാഞ്ച് നിൽക്കുകയാണ്. ബസ്സുകൾ പോലുള്ള വാഹനങ്ങൾ ഇതിൽ തട്ടുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ച പകൽ മുഴുവൻ ഇങ്ങനെ മരം നിന്നിട്ടും ബന്ധപ്പെട്ടവരാരും തിരിഞ്ഞു നോക്കാനോ മുറിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ തയ്യാറാകാത്തത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.