മലയോര ഹൈവേ നാർമാണം ഇഴഞ്ഞുനീങ്ങുന്നു : മാനന്തവാടിയിൽ നാളെ വ്യാപാരികളുടെ ഹർത്താൽ
മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. നഗരപരിധിയിലെ റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പല തവണ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെടാത്തതിനാൽ ടൗൺ അടക്കമുള്ള പ്രദേശങ്ങളിലുള്ളവർ വൻ ദുരിതത്തിലായെന്നു വ്യാപാരികൾ പറയുന്നു.
മാസങ്ങളായി പൊടിതിന്നു കഴിയുന്ന വ്യാപാരികൾ അടക്കമുള്ളവർ മഴയെത്തുമ്പോൾ ചെളി നീന്തേണ്ട അവസ്ഥയിലാണ്. ഓവുചാൽ നിർമാണത്തിനു വേണ്ടി മണ്ണെടുത്ത ഭാഗങ്ങൾ ചെളിക്കുളമായി. അതോടെ വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ജല അതോറിറ്റിയും റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനിയും പരസ്പരം പഴിചാരി പ്രവൃത്തി വൈകിപ്പിക്കുകയാണ്. എരുമത്തെരുവ് മുതൽ ഗാന്ധിപാർക്ക് വരെ പൊടിശല്യം രൂക്ഷമാണ്. ജോസ് തിയറ്റർ ജംക്‌ഷനിൽ ഓവുചാൽ പണി പാതി വഴി നിലച്ചതിനാൽ മലിന ജലം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്ത് കലുങ്ക് നിർമാണത്തിനു വേണ്ടി എടുത്ത കുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതായും മർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹർത്താലിന്റെ ഭാഗമായി സബ് കലക്ടറുടെ ഓഫിസിനു മുൻപിൽ ധർണ നടത്താനും യോഗത്തിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് കെ. ഉസ്മാൻ, പി.വി. മഹേഷ്, എൻ.പി. ഷിബി എന്നിവർ സംസാരിച്ചു.