റേഷൻ വിതരണം താറുമാറായി : പുൽപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി റേഷൻ കടയുടെ മുന്നിൽ ധർണ്ണ നടത്തി
പുൽപ്പള്ളി : കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടേയും ആശ്രയകേന്ദ്രമായ റേഷൻ ഷോപ്പുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഓൺലൈൻ തകരാറു മൂലം റേഷൻ വിതരണം സംസ്ഥാനത്താകമാനം താറുമാറായിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ആളുകൾ റേഷൻ കടയിൽ വന്ന് വെറും കൈയ്യോടെ തിരിച്ചു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സംസ്ഥാന സർക്കാരോ, ബന്ധപ്പെട്ട പൊതുവിതരണ വകുപ്പോ തയ്യാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് പുൽപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താന്നിത്തെരുവ് റേഷൻ ഷോപ്പിനു മുന്നിൽ ധർണ്ണ നടത്തി.
മണ്ടലം പ്രസിഡന്റ് വി.എം പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന: സെക്രട്ടറി എൻ.യു ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. സി.പി ജോയി, കെ.വി ക്ലീറ്റസ്, ടി.യു ഷിബു , പാപ്പച്ചൻ കാഞ്ഞൂക്കാരൻ , റോയി മാന്തോട്ടം, പി.പി രാജു, മനോജ് കടുപ്പിൽ എന്നിവർ സംസാരിച്ചു.