വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതി : യുവാവ് അറസ്റ്റിൽ
മാനന്തവാടി : വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കോമത്ത് വീട്ടില്‍ അജീഷ് ( 32) ആണ് അറസ്റ്റിലായത്.
മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണ്‍ മുഖാന്തരം പരിചയപ്പെട്ട യുവതിയെ അജീഷ് വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി ബലാംത്സംഗം ചെയ്‌തെന്നാണ് പരാതി. രാത്രിയില്‍ അജീഷിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്തതായാണ് പരാതി. സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ അജീഷും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ അജീഷാണ് യുവതിയുടെ കൂടെ നിന്ന് പരിചരിച്ച് വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് പരാതിയൊന്നുമില്ലെന്നും, ഉഭയസമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി ആദ്യദിനം പറഞ്ഞത്.
എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് യുവതിയുടെ ഭാഷ്യം. കൂടാതെ കുടുംബക്കാര്‍ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദത്താലും തനിക്ക് ഇത് പറയാന്‍ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ പരാതിയുണ്ടെന്നുമാണ് യുവതി പോലീസില്‍ നല്‍കിയ പരാതി.
തുടര്‍ന്ന് മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി പി.കെ സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അജീഷിനെതിരെ ബലാത്സംഗത്തിനും, എസ്.സി. എസ്. ടി നിയമപ്രകാരം കേസെടുത്ത ശേഷം കസ്റ്റഡിയിലെടുക്കുകയും ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.