April 18, 2025

മ്ലാവിനെ വെടിവെച്ചുകൊന്നു : താമസസൗകര്യം നൽകിയ വയനാട് സ്വദേശിയും പ്രതികളും പിടിയിൽ 

Share

 

മാനന്തവാടി : കല്ലടിക്കോട് മലവാരത്തിൽ ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നു പ്രതികളെയും വനപാലകർ പിടികൂടി. ഇവർക്ക് താമസസൗകര്യം നൽകിയ ആളെയും അറസ്റ്റുചെയ്തു.

 

പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ സന്തോഷ് (48), ആക്കാംപറ്റ ബിജു (47), കല്ലടിക്കോട് സ്വദേശി നെല്ലിക്കുന്നേൽ ബിനു (47), വയനാട് മാനന്തവാടി സ്വദേശി ദീപു (52) എന്നിവരാണ് അറസ്റ്റിലായത്.

 

വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂവരെയും മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അറസ്റ്റുചെയ്തത്. കേസിൽ ഉൾപ്പെട്ട എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ (64) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

 

മാനന്തവാടിയിലെ ഒരു വീട്ടിൽ ഇവർ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് തോക്കും തിരകളും സഞ്ചരിക്കാനുപയോഗിച്ച കാറും ജീപ്പും പിടിച്ചെടുത്തു.

 

കഴിഞ്ഞമാസം മാർച്ച് 26-ന് പുലർച്ചെയാണ് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽവരുന്ന കല്ലടിക്കോട് മലവാരത്തിൽവെച്ച് സംഘം മ്ലാവിനെ വേട്ടയാടിയത്. രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ടെത്തിയപ്പോൾ സംഘം കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ബോണിയെ സാഹസികമായി പിടികൂടിയ വനപാലകർ ഇയാളിൽനിന്ന് ലഭിച്ച വിവരപ്രകാരം തങ്കച്ചനെയും അറസ്റ്റുചെയ്തു.

 

വനംവകുപ്പിന്റെ ഷെഡ്യൂൾ മൂന്നിൽപ്പെട്ടതാണ് മ്ലാവ്. നാല് വയസ്സ് വരുന്ന മ്ലാവിന് ഏകദേശം 300 കിലോയോളം തൂക്കമുണ്ടായിരുന്നു.

 

മണ്ണാർക്കാട് ഡി.എഫ്.ഒ. എം.കെ. സുർജിത്തിന്റെ നിർദേശപ്രകാരം റെയ്ഞ്ച് ഓഫീസർ എൻ. സുബൈർ, പാലക്കയം ഡെപ്യൂട്ടി റെയ്ഞ്ചർ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളുമായി ഉദ്യോഗസ്ഥർ തെളിവെടുപ്പും നടത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.