പയ്യമ്പള്ളിയില്‍ സ്‌ഫോടനം; യുവാവിന്റെ കൈവിരലുകള്‍ അറ്റു
മാനന്തവാടി : പയ്യമ്പള്ളിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. പീടികയില്‍ പരേതനായ ജോണിയുടെ മകന്‍ പയ്യമ്പിള്ളി മലയില്‍ ഷൈജുവിനാണ് പരിക്കേറ്റത്. തോട്ട പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നു വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കൈയിലിരുന്ന് തോട്ട പൊട്ടിയാണ് സ്‌ഫോടനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ ദാസനക്കരയില്‍ ബേക്കറി ഉടമയായ ഷൈജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കൈവിരലുകള്‍ അറ്റ നിലയിലാണ്. കണ്ണിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
തോട്ട പൊട്ടിച്ച് മീന്‍ പിടിക്കാറുള്ളയാളാണ് ഷൈജു. ഇതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.