വാൾ എഴുന്നള്ളിക്കുന്നതിനിടെ മൂന്നുപേരെ ഇടിച്ച് പരിക്കേപ്പിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിടികൂടി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവസമാപനത്തോട് അനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെപള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ നമ്പൂതിരിയടക്കമുള്ളവരെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കെ.എല്‍ 08 AF 502 നമ്പര്‍ ഓട്ടോറിക്ഷ പിടികൂടി.
മാനന്തവാടിയിലെ ഓട്ടോ ഡ്രൈവര്‍ എം.പി ശശികുമാറാണ് ചെറുകാട്ടൂര്‍ എസ്റ്റേറ്റ് കവലയില്‍ വെച്ച് ഓട്ടോ കണ്ടെത്തി തടഞ്ഞുവെച്ച് മാനന്തവാടി പോലീസിന് കൈമാറിയത്. അപകടം വരുത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ മനസ്സിലുണ്ടായിരുന്ന ശശികുമാര്‍ സംശയം തോന്നിയാണ് ഓട്ടോ തടഞ്ഞത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി പോലീസ് ഓട്ടോ ഡ്രൈവറായ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവസമാപനത്തോട് അനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.