വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവം : മാനന്തവാടിയില്‍ മാര്‍ച്ച് 28 വരെ മദ്യശാലകള്‍ തുറക്കരുത് – ജില്ലാ കളക്ടര്‍
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര ഉത്സവം പ്രമാണിച്ച് മാനന്തവാടിയില്‍ മാര്‍ച്ച് 26, 27, 28 തീയതികളില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
മാനന്തവാടി ബ്രഹ്‌മഗിരി ബാര്‍, മാനസ സരസ് ബാര്‍, മാനന്തവാടി കള്ളുഷാപ്പ്, താന്നിക്കല്‍ കള്ളുഷാപ്പ്, പായോട് കള്ള ഷാപ്പ്, മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റ് എന്നിവയാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ഉത്സവ ദിനങ്ങളില്‍ മദ്യപിച്ചെത്തുന്നവര്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നടപടി.
പ്രസ്തുത ദിവസങ്ങളില്‍ ഈ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും അനധികൃത മദ്യവില്‍പ്പന നടത്തുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ പറയുന്നു.