വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റെത്തിയയാളെ തുടർ ചികിത്സയ്ക്ക് കൊണ്ടുപോവാൻ പനമരം സി.എച്ച്.സി അധികൃതർ ആംബുലന്‍സ് വൈകിപ്പിച്ചെന്ന്
പനമരം : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റെത്തിയയാൾക്ക് പനമരം സി.എച്ച്.സി അധികൃതർ ആംബുലന്‍സ് വൈകിപ്പിച്ചെന്ന് പരാതി. കൂടോത്തുമ്മൽ ട്രൈബൽ ഹോസ്റ്റലിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റെത്തിയ സുൽത്താൻബത്തേരി കുപ്പാടി സ്വദേശി അഭിജിത്തിനാണ് 20 മിനിറ്റോളം ആംബുലൻസ് സൗകര്യം നൽകാതെ ആശുപത്രി അധികൃതർ വൈകിപ്പിച്ചെന്ന പരാതിയുള്ളത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. അപകടത്തിൽ കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാർ പനമരം സി.എച്ച്.സിയില്‍ യഥാസമയം എത്തിച്ചിരുന്നു. എന്നാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രോഗിയെ മാനന്താടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാനായി ആംബുലൻസ് ആശുപത്രി മുറ്റത്ത് കിടന്നിട്ടും 20 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.
ആംബുലൻസ് താല്കാലിക ഡ്രൈവർ മനോജും മെഡിക്കൽ ഓഫീസറും തമ്മിലുള്ള തർക്കമായിരുന്നു അഭിജിത്തിന് അടിയന്തിര ആംബുലൻസിന്റെ സർവീസ് മുടങ്ങാൻ ഇടയാക്കിയത്. കഴിഞ്ഞ നാലുദിവസമായി ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ആംബുലൻസിന്റെ താക്കോല്‍ വാങ്ങിവച്ചിട്ട്. ഓഫീസര്‍ നിര്‍ദ്ദേശിച്ച സംഖ്യക്ക് അംബുലന്‍സ് ഡ്രൈവര്‍ വൗച്ചറില്‍ ഒപ്പിട്ടില്ലെന്ന കാരണത്തിനാലാണ് ആംബുലന്‍സിന്റെ താക്കോല്‍ പിടിച്ചുവെച്ചിരിക്കുന്നത് എന്നാണ് മനോജ് പറയുന്നത്.
സംഭവസമയം മനോജ് ആശുപത്രിയിൽ ഉണ്ടായിരുന്നു. എന്നാൽ താക്കോൽ ഇല്ലാതെ വാഹനം എടുക്കാൻ പറ്റാതെ വന്നു. രോഗിയുടെ ദയനീയാവസ്ഥ കണ്ട ഹെഡ് നേഴ്സ് അടക്കം ബഹളം വയ്ക്കുകയും നാട്ടുകാര്‍ വിഷയത്തിൽ ഇടപെടുകയും ചെയ്തു. തുടർന്ന് ഉച്ച കഴിഞ്ഞ് ലീവായിരുന്ന സീനിയർ ആംബുലൻസ് ഡ്രൈവറെ ഫോണിൽ വിളിച്ചു. അദ്ദേഹം പാഞ്ഞെത്തിയതോടെ ക്ലാര്‍ക്ക് താക്കോല്‍ സീനിയര്‍ ഡ്രൈവര്‍ക്ക് കൈമാറുകയും അഭിജിത്തിനെ ആംബുലൻസിൽ കയറ്റി മാനന്തവാടിയിൽ എത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അഭിജിത്തിനെ കോഴിക്കോടേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ പത്തുവർഷമായി പനമരം ഗവ.ആശുപത്രിയിൽ താല്കാലിക ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന മനോജിൽ നിന്നും താലക്കാൽ വാങ്ങിവച്ചത് വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി പനമരം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ആശുപത്രിയുടെ മുന്‍പില്‍ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
അതേസമയം, പനമരം സി.എച്ച്.സിയിൽ ചികിത്സ തേടിയെത്തിയയാൾക്ക് ആശുപത്രിയുടെ ആംബുലൻസ് സേവനം വൈകിയിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പനമരം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വി.ആര്‍. ഷീജ പ്രതികരിച്ചു.
തിങ്കളാഴ്‌ച താൻ ലീവായിരുന്നു. വിഷയം അറിഞ്ഞുടൻ ആശുപത്രി ജീവനക്കാരെ വിളിച്ച് കാര്യം ചോദിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ഗുരുതര പരിക്കേറ്റതിനാൽ ജീവനക്കാർ 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കാത്തുനിൽക്കാതെ ആശുപത്രിയുടെ ആംബുലൻസിൽ തന്നെ വൈകാതെ മാനന്തവാടിയിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. താല്കാലിക ഡ്രൈവർ മനോജിന് വൗച്ചറിലുള്ള തെറ്റിദ്ധാരണയാണ് ഒപ്പിടാതിരുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഡി.എം.ഒ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് വിഷദീകരണം നൽകിയിട്ടുണ്ട്. മനോജിനോട് വൗച്ചറിൽ ഒപ്പിട്ട ശേഷം താക്കോൽ വാങ്ങാൻ ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും ഷീജ പറഞ്ഞു.
ചിത്രം : 1) പ്രതിഷേധങ്ങൾക്കൊടുവിൽ അഭിജിത്തിനെ മാനന്തവാടിയിലേക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ കയറ്റുന്നു.
2) പനമരം മെഡിക്കൽ ഓഫീസർക്കെതിരെ ഐ.എൻ.ടി.യു.സി പ്രവർത്തകർ പതിപ്പിച്ച നോട്ടീസ്.