കൈപ്പാട്ടുകുന്നിൽ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിച്ചു
പനമരം : പനമരം – വിളമ്പുകണ്ടം റോഡരികിലെ കൈപ്പാട്ടുകുന്നിൽ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിച്ചു. കൈപ്പാട്ടുകുന്നിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിന് സീപത്തെ മുളങ്കൂട്ടങ്ങൾക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി ഫയർഫോഴ്സെത്തി തീയണച്ചു. പനമരം വലിയ പുഴയോരത്തെ മുളകളും അടിക്കാടുകളും തീപ്പിടുത്തത്തിൽ കത്തിനശിച്ചു. വേനൽ കനത്തതോടെ റോഡരികിലായുള്ള മുളകളെല്ലാം കരിഞ്ഞുണങ്ങിയിട്ടുണ്ട്. സമയോചിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടു ദിവസം മുമ്പും ഇതിനടുത്ത് മുളകൾക്ക് തീപ്പിടിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, രണ്ടാഴ്‌ചക്കിടെ പനമരത്തെ മുളങ്കൂട്ടങ്ങളിൽ ഇത് നാലാം തവണയാണ് തീപ്പിടിച്ചത്. രണ്ടു തവണ പനമരം – നെല്ലിയമ്പം റോഡിലെ മാത്തൂരിൽ തീപ്പിടിത്തമുണ്ടായിരുന്നു.
ചിത്രം : പനമരം കൈപ്പാട്ടുകുന്നിൽ അഗ്നിരക്ഷാ സേന തീയണയ്ക്കുന്നു.