ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം – എഫ്.ആർ.എഫ്
പനമരം : ക്ഷീരമേഖലയെ കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിയിൽ നിന്നും വരുമാനം നഷ്ടപ്പെട്ട കർഷക കുടുംബങ്ങൾക്ക് ജീവനോപാധിയായി നിലനിൽക്കുന്നത് ക്ഷീര മേഖലയാണ്. അതിനാൽ കേരളത്തിലെ എം.പിമാർ പ്രത്യേകിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ഊന്നൽ കൊടുക്കണമെന്ന് എഫ്.ആർ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യത്താലും, കാലാവസ്ഥ വ്യതിയാനം മൂലവും കൃഷി പാടെ അവഗണിക്കപ്പെടുമ്പോൾ കുടിയേറ്റ മേഖലയിലെ കർഷകന് ക്ഷീരമേഖല മാത്രമാണ് ആശ്രയം. വയനാട് പിന്നോക്ക ജില്ലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വയനാടിനെ ക്ഷീര ജില്ലയായി പ്രഖ്യാപിക്കണം. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജില്ല എന്ന നിലയിൽ കാലിത്തീറ്റയും, മൃഗപരിപാലനവും, ഇൻഷുറൻസ് ഉൾപ്പെടെ പശുക്കളെ സർക്കാർ ദത്തെടുക്കണം. ഇക്കാര്യം കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു കാര്യങ്ങൾ സാധിച്ചു തരണമെന്നും എഫ്.ആർ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ജില്ല ചെയർമാൻ പി.എം ജോർജ് ഉദ്ഘാടനം ചെയ്തു. എ.എൻ മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി തോമസ്, ഇ.വി ജോയ്, അപ്പച്ചൻ ചീങ്കല്ലേൽ, ജെയിംസ് കൊളവയൽ, ജോസ് വട്ടക്കുന്നേൽ, സച്ചിൻ സുനിൽ, രാജൻ അമ്മാനി, പുരുഷോത്തമൻ, എ.സി ആന്റണി, അജയ് വർക്കി, ഒ.ആർ വിജയൻ, വിദ്യാധരൻ വൈദ്യർ, ജോയ് പള്ളിക്കുന്ന്, ഇ.വി സാന്റോ എന്നിവർ സംസാരിച്ചു.