മേഖല ജാഥയ്ക്ക് സ്വീകരണം നൽകി
പനമരം : കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ( എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മേഖല ജാഥയ്ക്ക് പനമരത്ത് സ്വീകരണം നൽകി. പെൻഷൻ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, മരണാനന്തരവും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, 4000 കോടി രൂപ കുടിശ്ശികയായി കിടക്കുന്ന സെസ് അടിയന്തിരമായി പിരിച്ചെടുക്കുക, നിർമാണ ജോലിക്കാവശ്യമായ കല്ല്, മണൽ, മെറ്റൽ, ഇഷ്ടിക, വെട്ടുകല്ല്, കമ്പി, സിമന്റ് മുതലായവ വിൽക്കുന്നതിന് സർക്കാർതലത്തിൽ താലൂക്കുകൾ തോറും ന്യായവില ഷോപ്പുകൾ തുറക്കുക, ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 21 മുതൽ 25 വരെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് മുന്നോടിയായാണ് മേഖലാ ജാഥകൾ സംഘടിപ്പിച്ചത്.
മേഖല ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. പനമരം പഞ്ചായത്ത് ജന.സെക്രട്ടറി കാദറുകുട്ടി കാര്യാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സ്റ്റാലിൻ, ഇബ്രാഹിം പടയൻ, സജീവൻ മുളയിൽ, യൂസഫ് വെള്ളമുണ്ട, കെ.സി സഹദ്, ശ്രീജിത്ത് പനമരം, മോയിൻ തരുവണ തുടങ്ങിയവർ സംസാരിച്ചു.