കളഞ്ഞുകിട്ടിയ പണം ബാങ്കിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ
പനമരം : എ.ടി.എം കൗണ്ടറിൽ നിന്നും കളഞ്ഞുകിട്ടിയ പണം ബാങ്കിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. പനമരത്തെ ഓട്ടോഡ്രൈവറായ ചുണ്ടക്കുന്ന് സ്വദേശി ചുണ്ടക്കാടൻ വീട്ടിൽ കെ.ബിജു (38) ആണ് പനമരം ടൗണിലെ കാനറാ ബാങ്ക് എ.ടി.എം കൗണ്ടറിൽ നിന്നും വീണു കിട്ടിയ 10,000 രൂപ ബാങ്കിൽ ഏൽപ്പിച്ച് മാതൃകയായത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയ ബിജുവിന് പണം കൗണ്ടറിനുള്ളിൽ വെച്ച് കളഞ്ഞു കിട്ടുകയായിരുന്നു. ഉടനെ ബാങ്കിന്റെ പനമരം ശാഖയിൽ എത്തി വിവരം അറിയിച്ച ശേഷം പണം ബാങ്ക് അധികൃതർക്ക് കൈമാറുകയായിരുന്നു. ബിജുവിന്റെ സത്പ്രവൃത്തിയിൽ നിരവധി അഭിനന്ദന പ്രവാഹങ്ങൾ ഇതിനോടകം എത്തിയിട്ടുണ്ട്.
ചിത്രം : എ.ടി.എം കൗണ്ടറിനകത്തു നിന്നും കളഞ്ഞുകിട്ടിയ പണം ബിജു ബാങ്ക് അധികൃതർക്ക് കൈമാറുന്നു.