വനംവകുപ്പിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതിയെ സമീപിക്കും – പനമരം പൗരസമിതി
പനമരം : വനംവകുപ്പിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പനമരം പൗരസമിതി. കായക്കുന്ന് പാതിരിയമ്പം പനയ്ക്കൽ ഷൈനിയെ കാട്ടുപന്നികൾ കൂട്ടമായെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും തിരിഞ്ഞു നോക്കാത്ത വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
കാട്ടുപന്നികളുടെ ആക്രമണത്തിനിരയായ വീട്ടമ്മയെ പൗരസമിതി പ്രവർത്തകർ വീട്ടിലെത്തി സന്ദർശിച്ചു. പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഷൈനിക്കുള്ളത്. വനംവകുപ്പ് അധികൃതർ ഇവർക്ക് വേണ്ട ചികിത്സയോ, അടിയന്തിര സാമ്പത്തിക സഹായമോ നൽകാത്തത് പ്രതിഷേധാർഹമാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന കുടുംബം ചികിത്സയ്ക്കും മറ്റും പ്രയാസമനുഭവിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ സാധിക്കാത്തതിനാൽ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനാൽ പരിക്കേറ്റ വീട്ടമ്മക്ക് ചികിത്സ സൗകര്യം വനം വകുപ്പ് ഏർപ്പെടുത്തണം. അല്ലാത്തപക്ഷം രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നികുതികളെല്ലാം കൃത്യമായി അടച്ച് നിയമപരമായി അവകാശപ്പെട്ട സ്ഥലത്ത് താമസിക്കുകയും കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന മനുഷ്യനുമേൽ വന്യമൃഗങ്ങൾ നടത്തുന്ന അതിക്രമങ്ങളും ആക്രമണങ്ങളും വനംവകുപ്പിന്റെ അനാസ്ഥ മുലമാണ് ഉണ്ടാകുന്നത്. ഏതൊരു പൗരനും ഇവിടെ സമാധാനത്തോടെ സ്വതന്ത്രമായി ജീവിക്കാൻ അവകാശമുണ്ട്. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വനം വകുപ്പുള്ളത്. എന്നാൽ നമ്മുടെ നികുതി ശമ്പളമായി കൈപ്പറ്റുന്നവർ വന വിസ്തൃതി കൂട്ടുന്നതിനായി വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ഓടിച്ച് വിട്ടുകൊണ്ടിരിക്കുന്നു. പരി:സ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വ്യാവസായികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ നിന്നും കോടികൾ വാങ്ങുന്ന സർക്കാർ സ്വന്തം പൗരന്മാരെ കൊലക്ക് കൊടുക്കുകയാണ് ചെയ്യന്നത്. ഈ ലോകത്തിന്റെ മൊത്തം നില നിൽപ്പ് ഇത്തിരിപ്പോന്ന കേരളത്തിന്റെ മാത്രം ബാധ്യതയാണെന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
വനം വന്യമൃഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. അവിടേക്ക് ഒരു മനുഷ്യനു പോലും പ്രവേശിക്കാൻ അനുവാദമില്ല. അതുപോലെ തന്നെ മനുഷ്യർക്ക് അവകാശപ്പെട്ട സ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കാതെ നോക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
അതിൽ അവർ പരാജയപ്പെട്ടിരിക്കുന്നതിനാൽ വനം വകുപ്പിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസ്സ് കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ , ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട് എന്നിവർ ഷൈനിയുടെ വീട്ടിൽ സന്ദർശിച്ചു.