ദ്വാരക ഐ.ടി.സിക്ക് സമീപം സ്വകാര്യബസ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം : നടപടി ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളി യൂണിയൻ
മാനന്തവാടി : ദ്വാരക ഐ.ടി.സിയ്ക്ക് സമീപം സ്വകാര്യ ബസ്സ് ജീവനക്കാർക്ക് നേരെ മൂന്നംഗ സംഘത്തിന്റെ മർദ്ദനം. അക്രമിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളി യൂണിയൻ.
മാനന്തവാടി – കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന സെയ്ന്റ് ജോസഫ് ബസ് ഡ്രൈവർ അബ്ദുൾ ബാരി, കണ്ടക്ടർ സുബാഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വടിയും ഹെൽമെറ്റും കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വീഡിയോ പകർത്താൻ ശ്രമിച്ച ഡ്രൈവറുടെ മൊബൈൽ ഫോൺ തകർക്കുകയും ചെയ്തെന്നാണ് പരാതി.
ഇന്നലെ വൈകീട്ട് 3.50 ഓടെയാണ് സംഭവം. മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് സർവീസ് നടത്തവെ ഐ.ടി.സി ഇറക്കത്തിൽ വെച്ച് ബുള്ളറ്റിലെത്തിയ മൂന്നുപേർ ചേർന്ന് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇരുവരും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിന്റെ വീഡിയോ ഉൾപ്പെടെ കൈമാറുകയും ചെയ്തു. അക്രമികൾക്കെതിരെ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ നാളെ (ഫെബ്രുവരി 17) മുതൽ വയനാട്ടിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് സ്വകാര്യ ബസ്സ് തൊഴിലാളി നേതാക്കൾ അറിയിച്ചു.