പനമരത്തെ ട്രാഫിക് പരിഷ്കരണം അട്ടിമറിച്ചെന്നത് അടിസ്ഥാനരഹിതം – എൽ.ഡി.എഫ്
പനമരം : പനമരം ടൗണിൽ ഫെബ്രുവരി ഒന്നുമുതൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അട്ടിമറിച്ചെന്നത് അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമാവേണ്ട പരിഷ്കാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മരവിപ്പിച്ചെന്ന യു.ഡി.എഫ് ഭരണ സമിതിയംഗങ്ങളുടെ ആരോപണം ശരിയല്ല. ഓട്ടോത്തൊഴിലാളികളും പൊതുജനങ്ങളും പുതിയ ഗതാഗത പരിഷ്കരണത്തിൽ പരാതി ഉന്നയിച്ചപ്പോൾ പനമരം സ്റ്റേഷൻ ഇൻസ്പക്ടറോട് സ്ഥിതിഗതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പ്രസിഡന്റ് വാക്കാൽ ആവശ്യപ്പെട്ടത്. അല്ലാതെ ഭരണസമിതി എടുത്ത തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചിട്ടില്ല.
ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുന്നതിന് മുമ്പ് ഓട്ടോ ടാക്സി തൊഴിലാളികൾ, വ്യാപാരികൾ, പൊതു പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് എടുത്ത തീരുമാനമാണ് നിലവിൽ നടപ്പിലാക്കിയത്. എന്നാൽ യു.ഡി.എഫ് മെമ്പറുടെ ബന്ധുക്കളുടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിലെ ഓട്ടോസ്റ്റാൻഡ് മാറ്റാനുള്ള പരിഷ്കാരമാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രസിഡണ്ട് പനമരം പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഇതിനെതിരെ യു.ഡി.എഫ് മെമ്പർമാർ നടത്തിയ പത്രസമ്മേളനം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രസിഡണ്ടും എൽ.ഡി.എഫ് അംഗങ്ങളും പൊതുജന താത്പര്യങ്ങൾ സംരക്ഷിച്ചും പഞ്ചായത്തിന്‍റെ പൊതുവായ വികസനങ്ങൾ ലക്ഷ്യം വെച്ചും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
വികസനം നടക്കുന്നില്ല എന്ന ആരോപണവും വാസ്തവ വിരുദ്ധമാണ്. ആകെ ഉള്ള 23 സീറ്റിൽ എൽ.ഡി.എഫ്, യു.ഡി.എഫ് 11 അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. ഈ ബി.ജെ.പി അംഗത്തെ കൂട്ടുപിടിച്ച് എൽ.ഡി.എഫ് കൊണ്ടുവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടമറിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് യു.ഡി.എഫ്. മാത്രമല്ല പ്രതിപക്ഷമില്ലാത്ത ഭരണസമിതിയിലെ നാല് സ്ഥിരംസമിതികളിൽ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യം, വികസനം, ആരോഗ്യം വിദ്യാഭ്യാസം എന്നീ മൂന്ന് സ്ഥിരം സമിതികളും യു.ഡി.എഫ് അംഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രസിഡണ്ടിനെതിരെ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. 2021-22 വികസന പദ്ധതി പ്രവർത്തനങ്ങളിൽ ജില്ലയിൽ ഏറ്റവും മികച്ച രണ്ടാമത്തെ പഞ്ചായത്തായി പനമരം ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് ഭരണമികവിന്‍റെ നേട്ടമാണ്. കേരളത്തിലാദ്യാമായി ഗ്രാമപ്പഞ്ചായത്തിലെ 23 വാർഡുകളിലും സി.സി ടിവി സ്ഥാപിച്ച് കൊണ്ട് ലഹരി വിമുക്ത, മാലിന്യമുക്ത, നിയമ ലംഘന പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ പഞ്ചായത്തായി പനമരത്തെ മാറ്റാനുള്ള പരിശ്രമത്തിലാണ്. ഇതൊക്കെ അട്ടിമറിക്കാനും കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാനും ചിലർ നടത്തുന്ന ഗൂഡനീക്കം ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു.
പ്രസിഡണ്ട് അവധിയിലായിരുന്ന ഒന്നര മാസം പഞ്ചായത്തിൽ തികഞ്ഞ അരാജകത്വം സൃഷ്ടിക്കാനും ഫയൽ നീക്കം പരമാവധി തടയാനുമാണ് യു.ഡി.എഫ് ശ്രമിച്ചത്. എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിന് പകരം എല്ലാം അട്ടിമറിക്കാനും പദ്ധതിയിലെ പ്രൊജക്ടുകൾ സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് നടപ്പിലാക്കാനുമാണ് ശ്രമിക്കുന്നത്. എന്നാൽ ഇതിനെ ശക്തിയുക്തം എതിർത്ത് പദ്ധതി പ്രൊജക്ടുകൾ പരമാവതി ജനക്ഷേമപരമായും അഴിമതി രഹിതമായും നടപ്പിലാക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സർക്കാർ ഫണ്ടുകൾ പരമാവധി സമാഹരിക്കുകയും അഞ്ചുവർഷം കൊണ്ട് പനമരം ഗ്രാമപ്പഞ്ചായത്തിനെ നവകേരളത്തോടൊപ്പം മുന്നേറാൻ പ്രാപ്തമാക്കാനുമുള്ള പ്രയത്നങ്ങൾ എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, ടി.മോഹനൻ, കെ.രാമചന്ദ്രൻ, ബെന്നി ചെറിയാൻ, അനീറ്റ ഫെലിക്സ് എന്നിവർ പങ്കെടുത്തു.