പിലാക്കാവിൽ വീണ്ടും കടുവയുടെ സാന്നിധ്യം ; പശുവിന്റെ ജഢം ഭക്ഷിച്ച നിലയില്‍
മാനന്തവാടി : മാനന്തവാടി പിലാക്കാവ് മണിയന്‍ കുന്നില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ ജഢം അല്‍പദൂരം വലിച്ച് കൊണ്ടുപോയി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
കടുവയുടെ സാന്നിധ്യം ഉറപ്പിക്കാനായാണ് പശുവിന്റെ ജഢം കുഴിച്ചിടാതെ സംഭവം നടന്ന വയലില്‍ തന്നെ സൂക്ഷിച്ചത്. കൂടാതെ ഇന്നലെ രാത്രിയില്‍ പ്രദേശവാസികളില്‍ ചിലര്‍ കടുവയെ കണ്ടതായും പറയുന്നുണ്ട്.
വനം വകുപ്പ് ഇന്നലെ സ്ഥാപിച്ച രണ്ട് ക്യാമറകളിലും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കടുവയുടെ നിരന്തര സാന്നിധ്യം ഉറപ്പായ പശ്ചാത്തലത്തില്‍ കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ബേഗൂര്‍ റേഞ്ച് ഓഫീസര്‍ കെ രാകേഷ് അറിയിച്ചു. ഇതിനായുള്ള ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണ നടപടിയടക്കം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.