September 20, 2024

പനമരത്ത് യുവതിക്ക് നേരെയുണ്ടായ ആക്രമണം; ചീങ്കണ്ണിയെന്ന് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം

1 min read
Share

 

Report : റസാഖ് സി. പച്ചിലക്കാട്

പനമരം : പനമരം വലിയ പുഴയില്‍ തുണി അലക്കുന്നതിനിടെ യുവതിയെ ആക്രമിച്ചത് മുതലയല്ല ചീങ്കണ്ണിയെന്ന് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പുഴയിൽ മുതലയുടെ സാന്നിധ്യം വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ചീങ്കണ്ണിയാവാനാണ് സാധ്യത കൂടുതലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

 

ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പനമരം പുഴയില്‍ വെച്ച് പരക്കുനി കോളനിയിലെ മണിയുടെ ഭാര്യ സരിത (40) എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇടതു കൈക്ക് പരിക്കേറ്റ സരിത പനമരം സി.എച്ച്.സി യിൽ ചികിത്സ തേടിയിരുന്നു.

 

സരിതയും സഹോദരി സെൽവിയും ഒരുമിച്ചാണ് പുഴയിലേക്ക് തുണി അലക്കാനായി എത്തിത്. അലക്കിയ തുണികള്‍ വെള്ളത്തില്‍ മുക്കിയെടുക്കുന്നതിനിടെ വെള്ളത്തിനടിയില്‍ നിന്നും മുതല ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നുമാണ് സരിത പറയുന്നത്. ആക്രമിക്കുന്നതിനിടെ മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. മുതലയുടെ മൂന്ന് പല്ലുകള്‍ കൈയ്യില്‍ ആഴ്ന്നിറങ്ങിതായും സരിത പറയുന്നു. എന്നാൽ ചീങ്കണ്ണിയാണോ മുതലയാണോ തന്നെ ആക്രമിച്ചതെന്ന സംശയം ഇപ്പോൾ ഉണ്ടെന്നും അവർ പ്രതികരിച്ചു.

 

അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ആക്രമിച്ചത് മുതലയാണോ ചീങ്കണ്ണിയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മുതലയാണോ ചീങ്കണ്ണിയാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തന്റെ സര്‍വീസ് കാലയളവില്‍ മുതല ആക്രമണം എന്നത് ആദ്യ സംഭവമാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ രമ്യരാഘവന്‍ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു.

 

എന്നാൽ ഇതിനകം പനമരം പുഴയില്‍ നിരവധി ഇടങ്ങളില്‍ മുതലകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇപ്പോള്‍ ആക്രമിക്കപ്പെട്ട സരിതയുടെ അയല്‍വാസികള്‍ അടക്കമുള്ളവര്‍ മുമ്പ് പലതവണ മുതലയെ കണ്ടതായി പറയുന്നു. പനമരം പുഴയിലും സമീപപ്രദേശങ്ങളായ നീരട്ടാടി, ചീക്കല്ലൂർ ഭാഗങ്ങളിലും മുതലകളും ചീങ്കണ്ണികളും ഉണ്ടെന്നാണ് നാട്ടുകാരുടെ വാദം. അടുത്ത കാലത്തായി ഇവയുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായും നാട്ടുകാർ പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.