September 20, 2024

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ അമിത് ഷാ

1 min read
Share

 

ഡല്‍ഹി: ജോഡോ യാത്ര നടത്തുന്ന കോണ്‍​ഗ്രസ് നേതാവ് രാഹുല്‍​ഗാന്ധിയെ പരിഹസിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുന്‍പ് ഇന്ത്യയുടെ ചരിത്രം രാഹുല്‍ ഗാന്ധി പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വിദേശ നിര്‍മ്മിത ടീഷര്‍ട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും അമിത് ഷാ പരിഹസിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍വെച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം.

മുമ്പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ രാഹുല്‍ ബാബയെയും കോണ്‍ഗ്രസുകാരെയും ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കള്‍ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ ബലിയര്‍പ്പിച്ച രാജ്യമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരില്‍ ബിജെപി ബൂത്ത് ലെവല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി ഭാരതത്തെ ഐക്യപ്പെടുത്താന്‍ യാത്രയിലാണ്. പക്ഷേ അദ്ദേഹം ഇന്ത്യന്‍ ചരിത്രം പഠിക്കേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നുംപ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മാത്രമേ കോണ്‍​ഗ്രസിന് സാധിക്കൂവെന്നും അമിത് ഷാ പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ​ഗാന്ധി വിലകൂടിയ വിദേശനിര്‍മിത ടീ ഷര്‍ട്ടാണ് ഉപയോ​ഗിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

നേരത്തെ, രാഹുല്‍ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷര്‍ട്ടാണെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തിയിരുന്നു. ബര്‍ബെറി ടീ ഷര്‍ട്ടിന്റെ ചിത്രവും രാഹുല്‍ അത് ധരിച്ച്‌ നില്‍ക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍. രാഹുല്‍ ഗാന്ധി ധരിച്ച ബര്‍ബെറി ടീ ഷര്‍ട്ടിന്റെ വില സഹിതമാണ് ‘ഭാരത് ദേഖോ’ (ഭാരതമോ കാണൂ) എന്ന പേരില്‍ ബിജെപി ക്യാംപെയ്ന്‍. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോണ്‍ഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.