September 20, 2024

വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും – മന്ത്രി ആന്റണി രാജു

1 min read
Share

ബത്തേരി : വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍ ടി.സി.ജീവനക്കാര്‍ക്കായി വിശ്രമ മന്ദിരം നിര്‍മ്മിച്ചത്.

സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും നൈറ്റ് ജംഗിള്‍ സഫാരി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റര്‍ യാത്ര ചെയ്യാം. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയാണ് യാത്ര. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

ചുരുങ്ങിയ ചിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനാണ് ബഡ്ജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ്സ് ഒരുക്കിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ എസി ഡോര്‍മെറ്ററികളാണ് സ്ലീപ്പര്‍ ബസ്സിലുള്ളത്. കുടുംബസമേതം താമസിക്കാനായി പ്രത്യേകം രണ്ട് എസി മുറികളും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ആകെ 32 പേര്‍ക്ക് താമസിക്കാം.

ചടങ്ങില്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നോര്‍ത്ത് സോണ്‍ പി.എം ഷറഫ് മുഹമ്മദ്, ബഡ്ജറ്റ് ടൂറിസം സെല്‍ ചീഫ് ട്രാഫിക് മാനേജര്‍ എന്‍.കെ ജേക്കബ് സാം ലോപസ്, ക്ലസ്റ്റര്‍ ഓഫീസര്‍ ജോഷി ജോണ്‍ വിവിധ യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.