സംസ്ഥാന ജൂനിയര്‍ റാങ്കിംഗ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ ബത്തേരിയില്‍
1 min read
സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ല ബാഡ്മിന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ജൂനിയര്‍ റാങ്കിംഗ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ ബത്തേരിയില്‍ നടക്കും.
അണ്ടര്‍ 17, 19 ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് കാറ്റഗറികളിലാണ് മത്സരം. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള 400 ഓളം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ദേശീയ താരങ്ങളടക്കം ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ദേശീയ തലത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ ടൂര്‍ണമെന്റില്‍ തെരഞ്ഞെടുക്കും. വയനാട് ക്ലബ്, ബ്രിഗേഡ് ക്ലബ്, കോസ്‌മോ പോളിറ്റന്‍ ക്ലബ് എന്നീ വേദികളിലെ അഞ്ച് കോര്‍ട്ടുകളിലായാണ് മത്സരം നടക്കുക.
ഉദ്ഘാടന മത്സരം വയനാട് ക്ലബ് കോര്‍ട്ടറിലും ഫൈനല്‍ മത്സരങ്ങള്‍ കോസ്‌മോ പോളിറ്റന്‍ ക്ലബ് കോര്‍ട്ടിലും നടക്കും. ബാഡ്മിന്റണ്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.അനില്‍ അന്പലക്കര ഉദ്ഘാടനം ചെയ്യും. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടോം ജോസഫ്, സംഘാടക സമിതി ചെയര്‍മാന്‍ ബിജു പി.വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ടി.വി. അരുണ്‍, ജോയിന്റ് കണ്‍വീനര്‍ യു.എ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.