September 11, 2024

ആഫ്രിക്കന്‍ പന്നിപ്പനി – തവിഞ്ഞാല്‍ ഫാമിലെ 300 പന്നികളെ ദയാവധം ചെയ്തു

1 min read
Share


മാനന്തവാടി : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300 ഓളം പന്നികളെ തിങ്കളാഴ്ച വൈകീട്ടുവരെ ദയാവധത്തിന് വിധേയമാക്കി. 360 പന്നികളാണ് ഈ ഫാമിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഈ ഫാമിലെ ദയാവധ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ദൗത്യസംഘം അറിയിച്ചു. ഇതിനുശേഷം ഫാമും പരിസരവും പൂര്‍ണ്ണമായി അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍ദേശം നല്‍കി.

ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ഞായറാഴ്ച ഉച്ചയോട് കൂടിയാണ് ദൗത്യസംഘം രോഗബാധിതമായ ഫാമിലെത്തിയത്. പ്രതികൂല കാലാവസ്ഥ കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും രാത്രി 10 നാണ് ദയാവധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പുനരാരംഭിച്ച രണ്ടാംഘട്ട സ്റ്റണ്ണിങ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. വൈകീട്ട് വരെ 300ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കി.

മാനന്തവാടി ഗ്രാമപഞ്ചായത്തിലെ രോഗബാധ സ്ഥിരീകരിച്ച കണിയാരത്തെ ഫാമിന് ചുറ്റുവട്ടമുള്ള ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് പന്നി ഫാമുകളിലെ ദയാവധ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങും. അവസാനഘട്ട ജിയോ മാപ്പിങ്ങില്‍ ഈ പരിധിയിലെ ഏകദേശം 80 പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ.ജയരാജ് അറിയിച്ചു.

കാട്ടിക്കുളം വെറ്ററനറി സര്‍ജന്‍ ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് വെറ്ററനറി സര്‍ജന്‍ ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തില്‍ തന്നെയായിരിക്കും മാനന്തവാടി നഗരസഭയിലെയും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ 8 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ആര്‍.ആര്‍.ടി വിപുലീകരിച്ചുകൊണ്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉത്തരവിറക്കി. നിരീക്ഷണ പ്രദേശങ്ങളിലുള്ള പന്നി ഫാമുകള്‍ അണുമുക്തമാക്കാനുള്ള ആന്റി സെപ്റ്റിക് ലായനികള്‍ മാനന്തവാടി വെറ്ററനറി പോളി ക്ലിനിക്കില്‍ എത്തിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കര്‍ഷകര്‍ കൈപ്പറ്റണമെന്നും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ദയാല്‍ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.