രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ മന്ത്രി വീണയുടെ പേഴ്സണല്‍ സ്റ്റാഫില്ല – മുഖ്യമന്ത്രി
കൽപ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സണ്ണി ജോസഫ്, കെ ബാബു, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വയനാട് എം.പിയുടെ ഓഫീസ് തകര്‍ക്കാന്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തി മുന്‍കൈയെടുത്തുവെന്ന ആരോപണം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ പ്രസ്തുത വ്യക്തിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നതായിരുന്നു ചോദ്യം. വയനാട് എം.പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ ഒരാളെപ്പോലും പ്രതിചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.