September 20, 2024

ബാങ്ക് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലാക്കാനൊരുങ്ങി വയനാട്

1 min read
Share

കൽപ്പറ്റ : ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാന പ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നല്‍കുന്നത്. ആഗസ്റ്റ് 15 നകം സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ക്യാമ്ബയിനിലൂടെ ഉറപ്പാക്കും.

ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ്, യു പി ഐ, ക്യു ആര്‍ കോഡ്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനം സാര്‍വത്രികമാക്കും. ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഇതില്‍ ഏതെങ്കിലും സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇടപാടുകാരെ പ്രാപ്തരാക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ച്‌ റിസര്‍വ് ബാങ്കിന്റെ യു.പി.ഐ 123 പേ സംവിധാനം ഉപയോഗപ്പെടുത്തിയും സമ്ബൂര്‍ണ്ണ ഡിജിറ്റലൈസേഷന്റെ ഭാഗമാകാം.

വയനാട് ഡിജിറ്റലിലേക്ക് എന്ന പേരിലാണ് ജില്ലയിലെ ക്യാമ്ബയിന്‍ നടക്കുന്നത്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ക്യാമ്ബയിനിലൂടെ പരിചയപ്പെടുത്തും. ജനപ്രതിനിധികള്‍ ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്ബയിന്‍ നടക്കുക.

ജില്ലയിലെ സാമ്ബത്തിക സാക്ഷരത കൗണ്‍സിലര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ബാങ്ക് ശാഖാതലത്തിലും ഇടപാടുകാരിലേക്കും പ്രചാരണം എത്തിക്കും. നിലവില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 95 ശതമാനവും കറന്റ് അക്കൗണ്ടില്‍ 63 ശതമാനവും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

ഡിജിറ്റല്‍ ബാങ്കിങ്ങ് ക്യാമ്ബയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആദിവാസി മേഖലകളിലും മാര്‍ക്കറ്റുകളിലും സാമ്ബത്തിക സാക്ഷരതാ ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ചെറുകിട, വഴിയോര കച്ചവടക്കാര്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ ജനവിഭാഗത്തെയും വേഗത്തിലും സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ പണം അയക്കാനും സ്വീകരിക്കാനും സജ്ജമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

ഡിജിറ്റല്‍ ബാങ്കിംഗ് നേട്ടങ്ങള്‍

· ഇരുപത്തിനാല് മണിക്കൂറും സേവനം

· പേപ്പര്‍ ലെസ് ബാങ്കിംഗ്

· ഓണ്‍ലൈന്‍ ഷോപ്പിംഗ്

· സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുക

· ബാങ്ക് ശാഖകളില്‍ പോകാതെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം.

· ഡെബിറ്റ് കാര്‍ഡുകള്‍, ക്യു ആര്‍ കോഡ്, യു.പി.ഐ ആപ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലേക്കും.

· നോട്ട് ഇടപാടും കള്ളനോട്ടുകളുടെ പ്രചാരവും തടയാന്‍ സാധിക്കും.

· പെന്‍ഷന്‍, ഗ്രാന്റ് വിതരണം, നികുതികള്‍, സര്‍ക്കാര്‍ ഫീസുകള്‍, വൈദ്യുതി ബില്‍ വെള്ളക്കരം എന്നിവ അടയ്ക്കുന്നത് സുഗമമാകും.

· നഷ്ടപ്പെട്ട എടിഎം കാര്‍ഡ് പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള സംവിധാനം .


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.