സംസ്ഥാനത്ത് മത്തിക്ക് വൻ ക്ഷാമം
സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തി കിട്ടാക്കനിയായത്. കടലില്‍ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളില്‍ നിന്ന് മത്തി കിട്ടുമെങ്കിലും ഇരുനൂറ്റിയമ്പത് മുതല്‍ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില.
മീന്‍ എത്ര തരമുണ്ടെങ്കിലും മത്തിയോട് മലയാളികള്‍ക്ക് ഒരു പ്രത്യേക മമതയാണ്. എന്നാല്‍ ട്രോളിംഗ് നിരോധനം തുടങ്ങിയത് മുതല്‍ മത്തി കിട്ടാനില്ല. കഴിഞ്ഞ ദിവസം കിലോ മത്തിക്ക് 320 രൂപ വരെയെത്തി. വില എത്ര താഴ്ന്നാലും 250ന് മുകളില്‍ തന്നെ. തമിഴ‍്‍നാട്ടില്‍ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികള്‍ക്ക് അതിനോടില്ല.
കടലില്‍ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്‌ആര്‍ഐ പോലുള്ള പഠന സംഘങ്ങളും ശരിവെച്ചിരുന്നു. സാധാരണ മത്തി കുറഞ്ഞാല്‍ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോള്‍ തെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.
കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. കഴിഞ്ഞ വര്‍ഷം കേവലം 3,297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയില്‍ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.