അയൽവാസികൾ തമ്മിൽ വാക്കുതർക്കം ; പശുക്കളെ വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
1 min read
മാനന്തവാടി : തൃശ്ശിലേരിയില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ വെട്ടി പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ. കാനഞ്ചേരി കോളനിയിലെ വിജയന്‍ (46) നെയാണ് തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അയല്‍വാസിയായ കുനിയില്‍കുന്ന് പ്രമോദിന്റെ നാലു വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ പശുവിനേയും, ഒന്നര വയസ്സ് പ്രായമുള്ള ജഴ്സി ഇനത്തിൽപ്പെട്ട കിടാവിനേയുമാണ് വിജയന്‍ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗർഭിണിയായ പശുവിന്റെ വലതുഭാഗത്തും, കിടാവിന്റെ വയറിന്റെ ഇരുഭാഗങ്ങളിലും ആഴത്തിലുള്ള മുറിവും വൃക്കക്ക് ക്ഷതം സംഭവിച്ചതായും പ്രാഥമിക ശുശ്രൂഷ നൽകിയ റിട്ട.സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ആർ സുധീർകുമാർ പറഞ്ഞു.
പ്രമോദുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മദ്യലഹരിയിലാണ് താന്‍ പശുക്കളെ ആക്രമിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൃഗത്തെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ഐ.പി.സി നിയമ പ്രകാരവും, മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുള്ള നിയമ പ്രകാരവുമാണ് പോലീസ് കേസെടുത്തത്.