സ്വർണം വാങ്ങാനൊരുങ്ങുന്നവർ ശ്രദ്ധിച്ചോളൂ ; ജൂൺ ഒന്നു മുതൽ ഈ മാറ്റങ്ങൾ
സ്വർണം വാങ്ങാനൊരുങ്ങുന്നവർ ശ്രദ്ധിച്ചോളൂ ; ജൂൺ ഒന്നു മുതൽ ഈ മാറ്റങ്ങൾ
രാജ്യത്ത് സ്വർണാഭരണങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ 2022 ജൂൺ ഒന്ന് മുതൽ നിലവിൽ വരികയാണ്. ഇത് എന്താണെന്ന് പരിശോധിക്കാം. രാജ്യത്ത് ജൂൺ ഒന്ന് മുതൽ ഹാൾമാർക്കിംഗ് നടത്തിയ സ്വർണാഭരണങ്ങൾ മാത്രമെ ജുവലറികൾ വഴി വില്പന നടത്താൻ സാധിക്കുകയുള്ളൂ. പരിശുദ്ധിയുടെ വിവിധ വിഭാഗം പരിഗണിക്കാതെ ഏത് സ്വർണം വില്പന നടത്തുമ്പോഴും ഹാൾമാർക്കിംഗ് പരിഗണിക്കേണ്ടതാണ്. രണ്ട് ഗ്രാമിൽ കുറഞ്ഞ സ്വർണത്തിന് മാത്രമാണ് ഹാൾമാർക്കിംഗ് ഇളവ് നൽകിയിട്ടുള്ളത്.
നിലവിൽ ആറ് വിഭാഗങ്ങളിലാണ് സ്വർണത്തിന്റെ ഹാൾമാർക്കിംഗ് നടത്തുന്നത്. 14 കാരറ്റ്, 18 കാരറ്റ്, 20 കാരറ്റ്, 22 കാരറ്റ്, 23 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ. നേരത്തെ 21 കാരറ്റ് സ്വർണവും 19 കാരറ്റ് സ്വർണവും ജുവലറിയിൽ വില്പന നടത്തുന്നതിന് ഹൾമാർക്കിംഗോ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുകയോ വേണ്ടിയിരുന്നില്ല. എന്നാൽ 2022 ജൂൺ മുതൽ ഇത് മാറാൻ പോവുകയാണ്. ഏത് വിഭാഗത്തിലായാലും ഹാൾമാർക്കിംഗ് നടത്തിയ സ്വർണം മാത്രമെ ജുവലറി വഴി വിൽപന നടത്താൻ പാടുള്ളൂ. ഉപഭോക്താവ് 12 കാരറ്റോ 16 കാരറ്റോ സ്വർണം വാങ്ങാനെത്തിയാലും ജുവലറി ഉടമ ഹാൾമാർക്കിംഗ് കേന്ദ്രത്തിൽ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി ഹാൾമാർക്കിംഗ് നടത്തിയ ശേഷം മാത്രമെ വില്പന നടത്താൻ സാധിക്കുകയുള്ളൂ.
നേരത്തെ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് സ്വർണങ്ങൾക്ക് 2021 ജൂൺ 16 മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരുന്നു. പിന്നീട് 14 കാരറ്റ് ,18 കാരറ്റ്, 20 കാരറ്റ് ,22 കാരറ്റ് ,23 കാരറ്റ് ,24 കാരറ്റ് സ്വർണങ്ങൾക്ക് ഹാൾമാർക്കിംഗ് 2022 ഏപ്രിൽ നാലിന് നിർബന്ധമായി. ഇതിനെ പിന്തുടർന്നാണ് പുതിയ മാറ്റം. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ലോഗോ, പരിശുദ്ധി തെളിയിക്കുന്ന ഗ്രേഡ്, ആറക്ക ആൾഫാന്യൂനറിക്ക് നമ്പർ എന്നിവയുണ്ടാകും. ഇത് പരിശോധിച്ച് വേണം ഉപഭോക്താക്കൾ ഇനി സ്വർണം വാങ്ങാൻ. ഹോൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ ഇടപാടുകളിൽ ജുവലറികൾ 35 രൂപ അധികമായി ഈടാക്കും.
എന്താണ് ഹാൾമാർക്കിംഗ് ?
സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പരിശോധനയാണ് ഹാൾമാർക്കിംഗ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ആണ് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന ഹോൾമാർക്കിംഗ് നടത്തുന്നത്. രജിസ്റ്റർ ചെയ്ത ജുവലറികൾക്ക് ബിഐഎസ് അംഗീകാരം നൽകിയ ഹാൾമർക്കിംഗ് പരിശോധനാ കേന്ദ്ര (എ.എച്ച്.സി) ത്തിലെത്തിച്ചാണ് സ്വർണം പരിശോധന നടത്താൻ സാധിക്കുക. 2000 മുതലാണ് ബിഎസ്ഐ സ്വർണത്തിന് ഹാൾമാർക്കിംഗ് ആരംഭിച്ചത്. 2005 ൽ വെള്ളിയിലും ഹാൾമാർക്കിംഗ് ആരഭിച്ചു. ഹാൾമാർക്കിംഗ് നടത്തുന്നത് വഴി ഉപഭോക്താക്കൾക്ക് വാങ്ങുന്ന സ്വർണത്തിലുള്ള വിശ്വാസ്യത വർധിപ്പിക്കും. ഇതോടൊപ്പം ഹാൽമാർക്കിംഗ് നടത്തിയ സ്വർണത്തിന് വില്ക്കുമ്പോൾ ഉയർന്ന വില കിട്ടാൻ സഹായകമാകും.