വയനാട്ടിൽ സ്വകാര്യബസ് യാത്രക്കിടയിൽ ശല്യം ചെയ്ത മധ്യവയസ്കനെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറൽ
പടിഞ്ഞാറത്തറ : ബസ് യാത്രയ്ക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയും ചെയ്ത മധ്യവയസ്കനെ പഞ്ഞിക്കിട്ട് യുവതി. പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.
നാലാം മൈലില്‍ നിന്നാണ് യുവതി ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതു കൊണ്ട് ഡോറിനടുത്തുള്ള സീറ്റിലായിരുന്നു യുവതി ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ യുവതിയുടെ തൊട്ടടുത്ത് വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. ഇതോടെ പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും യുവതി ഇയാളോട് പറഞ്ഞു.
ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ യുവതി കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് യുവതിയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നു കൊണ്ട് അസഭ്യം പറയുകയും, വീണ്ടും ബസിലേക്ക് കയറി വന്ന് യുവതിയെ ശല്യം ചെയ്യൽ തുടർന്നു. ഇതോടെ അയാളെ യുവതി കൈകാര്യം ചെയ്യുകയായിരുന്നു. ബസ്സില്‍ നിന്നിറങ്ങി കൈകാര്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.