December 7, 2024

പൂതാടി ഗവ. യു.പി സ്കൂളിന് മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ജില്ലതല പുരസ്കാരം

Share


പനമരം: കേന്ദ്ര സര്‍ക്കാറിന്‍റെ 2021-22 വര്‍ഷത്തെ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ജില്ലതല അംഗീകാരം പൂതാടി ഗവ.യു.പി സ്കൂളിന്. പ്രൈമറി വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ശുചിമുറി, കോവിഡ് കാലത്തെ കുട്ടികളുടെ പരിപാലനം, സാനിറ്റൈസേഷന്‍, മാസ്ക് ഉപയോഗം, കുടിവെള്ള സംവിധാനം, ഇന്‍സിനേറ്റര്‍, ന്യൂട്ടീഷ്യന്‍ ഗാര്‍ഡന്‍, ഹാന്‍ഡ് വാഷ് തുടങ്ങി 68 ഇനങ്ങള്‍ പരിശോധിച്ചാണ് മികച്ച വിദ്യാലയത്തെ തിരഞ്ഞെടുത്തത്.

വയനാട് ജില്ലയില്‍നിന്നും 196 വിദ്യാലയങ്ങള്‍ സെക്കന്‍ഡറി, പ്രൈമറി വിഭാഗങ്ങളിലായി നാമനിര്‍ദേശം നല്‍കിയിരുന്നു. കോവിഡാനന്തരം ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി സാബു, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ മിനി സുരേന്ദ്രന്‍, വാര്‍ഡംഗം ഇമ്മാനുവല്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ റോസ് മേരി എന്നിവര്‍ വിദ്യാലയ അധികൃതരെ അഭിനന്ദിച്ചു. സലിം പൂതാടി പി.ടി.എ പ്രസിഡന്‍റും കെ.കെ. സുരേഷ് പ്രധാനാധ്യാപകനുമായ മികച്ച ടീമാണ് വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സംസ്ഥാനതലത്തിലും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.