December 7, 2024

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നം: സര്‍ക്കാര്‍ സഹായം തേടാന്‍ ജില്ലാ വികസന സമിതി തീരുമാനം

Share

കൽപ്പറ്റ : ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ ഏതാനും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സഹായം തേടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ആസ്ബസ്‌റ്റോസ് ഷീറ്റുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് കോടതി ഉത്തരവു പ്രകാരം നിലവില്‍ നിയമപരമായ തടസ്സമുള്ളത്. ഇത്തരത്തില്‍ 19 സര്‍ക്കാര്‍ സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഈ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന്റെ പരിഗണനയ്ക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സ്ഥിരം സംവിധാനം വരുന്നത് ക്ലാസുകൾ തുടങ്ങുന്നതിന് ആവശ്യമായ സജീകരണങ്ങൾ ഒരുക്കും.

എല്‍.പി- യു.പി വിഭാഗത്തില്‍ പെടുന്ന ഈ സ്‌കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അപര്യാപിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം. ജൂണ്‍ ഒന്നിന് എല്ലാ സ്‌കൂളുകളിലും നടക്കുന്ന പ്രവേശനോത്സവം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ദേശീയപാതയില്‍ കല്‍പ്പറ്റ നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്ത് അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വീതി കുറഞ്ഞ പാലത്തോടു ചേര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി. സിദ്ദിഖിന്റെ ആവശ്യപ്രകാരം യോഗം തീരുമാനിച്ചു. ഇവിടെ നിലവിലുള്ള പാലം പൂര്‍ണമായി ഗതാഗതത്തിന് ക്രമീകരിക്കണമെന്നും അപകടകാരണമാകുന്ന കുഴി അടയ്ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഉടന്‍ നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന കല്‍പ്പറ്റ ബൈപ്പാസ് നവീകരണത്തിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ സര്‍വീസ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ഇതിനകം ഫണ്ട് ലഭ്യമായ വൈത്തിരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഹോട്ടല്‍- റെസ്‌റ്റോറന്റ് പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ടൂറിസം പ്രധാന്യമുള്ള ജില്ലയില്‍ ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണണമെന്നും തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ന്ന് അടിയന്തര നടപടികള്‍ വേണമെന്നും ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടികജാതി- പട്ടികവര്‍ഗ ഭവനങ്ങളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍,ഗോത്രസാരഥി പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് സമയബന്ധിതമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിഷയം, ചേനമല- എടഗുണി കേളനികളിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം തുടങ്ങിയവയും എം.എൽ.എ യോഗത്തില്‍ ഉന്നയിച്ചു.

ബാങ്കുകള്‍ ജപ്തി നടപടികളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ലീഡ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനതലങ്ങളില്‍ അദാലത്തുകളും മറ്റും നടത്തി ജപ്തി ന ടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ വന്‍ വിജയമാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ യോഗത്തില്‍ അഭിനന്ദിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. അനില്‍കുമാര്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ കെ.പ്രസന്ന എന്നിവര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി.

യോഗത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, എ.ഡി.എം എന്‍ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആർ. മണിലാല്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.