തിരുനെല്ലിയിൽ യുവാവ് മർദ്ധനമേറ്റ് മരിച്ച സംഭവം ; സഹോദരി ഭർത്താവ് അറസ്റ്റിൽ
തിരുനെല്ലിയിൽ യുവാവ് മർദ്ധനമേറ്റ് മരിച്ച സംഭവം ; സഹോദരി ഭർത്താവ് അറസ്റ്റിൽ
തിരുനെല്ലി : തിരുനെല്ലിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദ്ധനമേറ്റ് കാളങ്കോട് കോളനിയിലെ ബിനു (കുട്ടന്‍ 29) മരിച്ച സംഭവത്തില്‍ ബിനുവിന്റെ സഹോദരി ഭര്‍ത്താവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പോത്തുമൂല എമ്മടി വിപിന്‍ (32) ആണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലായത്. സംഭവ ദിവസം രാത്രി മദ്യലഹരിയില്‍ വിപിന്റെ വീട്ടിലെത്തിയ ബിനു കത്തുന്ന വിറക് കൊള്ളിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിപിന്റെ ഭാര്യയും നവജാത ശിശുവും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. ശല്യം സഹിക്കവയ്യാതായപ്പോള്‍ വിപിന്‍ സമീപത്തുണ്ടായിരുന്ന മരവടിയെടുത്ത് ബിനുവിന്റെ തലക്കടിക്കുകയും ഇത് മരണത്തിനിടയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തലക്കേറ്റ അടിയില്‍ തലയോട്ടി തകര്‍ന്ന് ഉള്ളില്‍ ആന്തരിക രക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവ ദിവസം വിപിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നതിന് മുന്‍പ് ബിനു അയല്‍വാസികളായ മൂന്നു പേരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ബിനുവിന്റെ അമ്മ മാരയുടെ മൊഴി പ്രകാരം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരല്ല കൊലപാതകത്തിന് പിന്നില്ലെന്ന് ബോധ്യമായ പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിപിന്‍ അനധികൃത മദ്യം വിറ്റതിന് എക്‌സൈസ് കേസില്‍ പ്രതിയാണ്. ബിനു വിപിന്റെയടുത്ത് മദ്യം ചോദിച്ച് ചെന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും സൂചനയുണ്ട്.
തിരുനെല്ലി സി.ഐ പി.എല്‍ ഷൈജു, എസ്.ഐമാരായ സി.ആര്‍ അനില്‍ കുമാര്‍, കെ.എ പൗലോസ്, എ.എസ്.ഐമാരായ സജി, വില്‍മ ജൂലിയറ്റ്, സി.പി.ഒമാരായ അജേഷ്, പി.റ്റി സരിത്, കെ.യു മിധുന്‍, പി.എച്ച് മുസ്തഫ തുടങ്ങിയവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നുച്ചയോടെ മാനന്തവാടി ജുഡീഷ്യല്‍ സെക്കന്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി.