വയനാട്ടിൽ രണ്ടുവർഷത്തിനുള്ളിൽ 2000 കോഴിഫാമുകൾ തുടങ്ങും ; കേരള ബാങ്ക് 51 കോടി വായ്പ അനുവദിക്കും
വയനാട്ടിൽ രണ്ടുവർഷത്തിനുള്ളിൽ 2000 കോഴിഫാമുകൾ തുടങ്ങും ; കേരള ബാങ്ക് 51 കോടി വായ്പ അനുവദിക്കും
ബത്തേരി: കേരള ബാങ്കിന്റെ സഹകരണത്തോടെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി കേരള ചിക്കൻ പദ്ധതി വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ 2000 കോഴിഫാമുകൾ തുടങ്ങുന്നതിനായി കേരള ബാങ്ക് 51 കോടിരൂപ വായ്പ അനുവദിക്കും.
ആദ്യഘട്ടത്തിൽ രണ്ടുവർഷത്തിനുള്ളിൽ വയനാട്ടിൽ 2000 ഫാമുകളും രണ്ടാംഘട്ടത്തിൽ അഞ്ചുവർഷത്തിനുള്ളിൽ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 5000 ഫാമുകളും സ്ഥാപിക്കും. കോഴിഫാമുകൾക്കു പുറമേ പോത്ത്, ആട്, താറാവ്, കാട, മുയൽ ഫാമുകൾക്കും പിന്തുണ നൽകും.
കേരള ബാങ്ക്, 1000 വീതം കോഴികളെ വളർത്താനായി 1000 ചെറുകിട കർഷകർക്ക് ഈടില്ലാതെ ഏഴുശതമാനം പലിശനിരക്കിൽ 1.5 ലക്ഷം രൂപവരെ വായ്പ നൽകും. 2000 വീതം കോഴികളെ വളർത്തുന്നതിനായി 700 കർഷകർക്ക് ഏഴുശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം വരെയും 3000 വീതം കോഴികളെ വളർത്തുന്നതിന് 300 കർഷകർക്ക് 8.5 ശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷംവരെയും വായ്പ നൽകും.
വായ്പയായി ലഭിക്കുന്ന തുകയിൽ മൂന്നുലക്ഷംവരെ നബാർഡ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നുശതമാനം പലിശനിരക്കിൽ വാർഷിക സബ്‌സിഡിയായി ലഭിക്കും. പുതുതായി കോഴിക്കൃഷിയാരംഭിക്കുന്ന ചെറുകിട കർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായി ഷെഡ് നിർമിച്ചുനൽകാനായി വിവിധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും ബ്രഹ്മഗിരി അധികൃതർ പറഞ്ഞു.
വിത്തുധനം (സീഡ് മണി) ലഭ്യമാക്കി സഹകരണാടിസ്ഥാനത്തിൽ കർഷക കൂട്ടായ്മ വികസിപ്പിച്ചാണ് ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. പുതുതായി ഈ രംഗത്തേക്കുവരുന്ന കർഷകർക്കാവശ്യമായ പരിശീലനങ്ങളും സാങ്കേതികപിന്തുണയും ബ്രഹ്മഗിരി സൊസൈറ്റി നൽകും. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ്, വൈസ് ചെയർമാൻ അമ്പി ചിറയിൽ, കേരള ചിക്കൻ ഡിവിഷൻ ചെയർമാൻ സുരേഷ് താളൂർ, പി.കെ. സുരേഷ്, പി.എസ്. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.