അരിവില കുതിക്കുന്നു ; താളം തെറ്റി കുടുംബ ബജറ്റുകൾ
അരിവില കുതിക്കുന്നു ; താളം തെറ്റി കുടുംബ ബജറ്റുകൾ
കുടുംബ ബജറ്റിെന്‍റ താളം തെറ്റിച്ച് അരിവില ഉയരുന്നു. മൂന്ന് മാസത്തിനിടെ കിലോ ഗ്രാമിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയാണ് വിപണിയില്‍ ഉയര്‍ന്നത്. ജയ ഇനത്തിനാണ് കൂടുതല്‍ വില ഉയര്‍ന്നത്. ചിലയിനം അരി കിട്ടാനേയില്ല. ഇന്ധന വിലക്കൊപ്പം സംസ്ഥാനത്ത് വില കൂടുന്ന അവശ്യസാധനങ്ങളുടെ പട്ടികയില്‍ അരി മുമ്പനായതോടെ നട്ടം തിരിയുകയാണ് ജനം.
കേരളത്തിലേക്ക് അരിയെത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതും ചരക്ക് നീക്കത്തിനുള്ള ചെലവ് വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് കയറ്റുമതി വര്‍ധിച്ചതും വിപണിയില്‍ അരിയുടെ ലഭ്യതയ്ക്ക് കുറവ് വരുത്തി. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത് ജനപ്രിയ അരിയിനമായ ജയക്കാണ്. ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തുന്ന ജയ അരിക്ക് മൂന്ന് മാസത്തിനിടെ ഏഴ് രുപയോളമാണ് വര്‍ധിച്ചത്. ജനുവരിയില്‍ 32 രൂപ ഉണ്ടായിരുന്ന ജയക്ക് ഇപ്പോള്‍ 39 രുപയിലധികമാണ് വില. കിലോ ഗ്രാമിന് രണ്ട് രൂപ വരെ ഉയര്‍ന്ന ബോധനയാണ് വിലക്കയറ്റത്തില്‍ പിന്നില്‍. എന്നാല്‍ ക്രാന്തി തുടങ്ങിയ അരിയിനങ്ങള്‍ വിപണിയിലേക്ക് എത്തുന്നില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മാര്‍ക്കറ്റിലെ അരിവില പ്രകാരം ജനുവരി ആദ്യവാരം 32 രൂപ വിലയുണ്ടായിരുന്ന ജയ ഇനത്തിന് ഇപ്പോള്‍ 40 രൂപയാണ്.