നടവയലിൽ കർഷക വിലാപയാത്രക്ക് തുടക്കം കുറിച്ച് എഫ്.ആർ.എഫ്
1 min readനടവയലിൽ കർഷക വിലാപയാത്രക്ക് തുടക്കം കുറിച്ച് എഫ്.ആർ.എഫ്
നടവയൽ : വന്യമൃഗശല്യത്തിലും പ്രകൃതിക്ഷോഭത്തിലും രോഗങ്ങളാലും ദുരിതമനുഭിക്കുന്ന കർഷകരെ രക്ഷിക്കാൻ സർക്കാർ തയാറകണമെന്നും കർഷകരുടെ കടങ്ങൾ എഴുതി തളളി പലിശരഹിത വായ്പ അനുവദിക്കണമെന്നും ഫാർമേഴ്സ് റിലീഫ് ഫോറം ( എഫ്.ആർ.എഫ് ) ജില്ലാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതി തള്ളുകയും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. സമരത്തിൻ്റെ ആദ്യപടിയെന്നോണം വ്യാഴാഴ്ച നടവയലിൽ കർഷക വിലാപയാത്രക്ക് തുടക്കം കുറിച്ചു.
ധനകാര്യ സ്ഥാപനങ്ങൾ കർഷകനെ കോടതി നടപടികളുമായി വേട്ടയാടുന്നതിലും, കേന്ദ്ര-കേരള സർക്കാരുകൾ കർഷക ആത്മഹത്യകളെ ആഘോഷമാക്കാൻ ശ്രമിക്കുന്നതിലും, ബ്ലേഡ് മാഫിയാ സംഘങ്ങൾ കർഷകനെ ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് കർഷകവിലാപയാത്ര ആരംഭിച്ചത്.
കർഷകർ നട്ടുപിടിപ്പിച്ചതും അല്ലാത്തതുമായ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് വിൽക്കുന്നതിന് അനുവാദം നൽകുക, പാറമടകൾ തുറന്നു പ്രവർത്തിക്കുക, നദികളിലെയും മറ്റും മണൽ കർഷകന് ലേലം ചെയ്ത് നൽകുക, കൃഷിഭവനിലൂടെയുള്ള സബ്സിഡി പണമായി നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ജില്ലയിലുടനീളം വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്.
ജില്ലാ കൺവെൻഷനും കർഷക വിലാപയാത്രയും നടവയലിലെ എ.സി. വർക്കി നഗറിൽ എഫ്.ആർ.എഫ് സംസ്ഥാനാധ്യക്ഷൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാർ പി.എം.ജോർജ് അധ്യക്ഷത വഹിച്ചു. മാർട്ടിൻ തോമസ്, ടി.ഇബ്രായി, എ.എൻ.മുകുന്ദൻ, എ.സി.തോമസ്, തോമസ് കടമ്പമറ്റം, ജോസ് നെല്ലേടം, കൃഷ്ണൻ മഞ്ചപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.