September 23, 2024

ആര്‍ദ്രകേരളം പുരസ്‌ക്കാരം: നേട്ടം കൈവരിച്ച് നൂല്‍പ്പുഴ, എടവക ഗ്രാമപ്പഞ്ചായത്തുകൾ

1 min read
Share


*ആര്‍ദ്രകേരളം പുരസ്‌ക്കാരം: നേട്ടം കൈവരിച്ച് നൂല്‍പ്പുഴ, എടവക ഗ്രാമപ്പഞ്ചായത്തുകൾ*

മാനന്തവാടി : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തായാണ് നൂല്‍പ്പുഴയെ തെരഞ്ഞെടത്തത് .10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.

നാല്പത് ശതമാനത്തോളം ആദിവാസി ജനത പാര്‍ക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ കോളനികളിലെ രോഗികള്‍ക്ക് ഡോക്ടറുമായി യഥാസമയം സംവദിക്കാന്‍ കഴിയുന്ന സംവിധാനമായ ടെലി മെഡിസിന്‍ പദ്ധതി, ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പി സെന്റര്‍, ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ ഗോത്ര സ്പര്‍ശം, ഇ ഹെല്‍ത്ത്, ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവ പൂര്‍വ ഗൃഹമായ പ്രതീക്ഷ, പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയും ആയുര്‍വേദ ആശുപത്രിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നൂല്‍പ്പുഴ പഞ്ചായത്തിനെ പുരസ്‌ക്കാര നേട്ടത്തിന് അര്‍ഹമാക്കിയത്.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. ജില്ലാതലത്തില്‍ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മുട്ടില്‍ ഗ്രാമപഞ്ചായത്തും അമ്പലവയല്‍ പഞ്ചായത്തും കരസ്ഥമാക്കി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.


*പുരസ്‌ക്കാര നിറവില്‍ എടവക*

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 ലെ ആര്‍ദ്രകേരളം പുരസ്‌കാരം നേടി എടവക ഗ്രാമപഞ്ചായത്ത്. ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ഈ ഇനത്തില്‍ ഗ്രാമപഞ്ചായത്തിനു ലഭിക്കുക.

ആരോഗ്യമേഖലയില്‍ ഈ വര്‍ഷം എടവക ഗ്രാമ പഞ്ചായത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരമാണിത്. നേരത്തെ എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരമായ എന്‍ക്വാസ്, ആരോഗ്യ വകുപ്പിന്റെ കായകല്പ അവാര്‍ഡുകളും ലഭിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിനായി അക്ഷീണം പ്രയത്നിച്ച ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സെക്രട്ടറി, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് തല സമിതി അംഗങ്ങള്‍ എന്നിവരെ ഭരണ സമിതിക്കു വേണ്ടി ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അഭിനന്ദിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.