September 24, 2024

വിദ്യാഭ്യാസ അവഗണന; ജനപ്രതിനിധികൾ മറുപടി പറയാൻ തയ്യാറാവണം – പി.പി ഷൈജൽ

1 min read
Share

കൽപ്പറ്റ : വയനാട് ജില്ല നിരന്തരം വിദ്യാഭ്യാസ മേഖലയിൽ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു ജില്ലയും ഇവിടെ കുറെ വിദ്യാർഥികളും ഉണ്ട് എന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നത അധികാരികൾ മറന്ന അവസ്ഥയാണ്.

സർക്കാർ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുന്ന ഭൂരിപക്ഷവും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരായ കൂലി തൊഴിലാളികളുടേയും മക്കളാണ്. അതീവ ശ്രദ്ധ നൽകേണ്ട ജില്ലയിൽ ഡിഡിഇ, ഡിഇഒ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത തസ്തികകൾ മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാലു മാസത്തിലധികമായി ജില്ലക്ക് ഡിഇഒ ഇല്ല. നാലു മാസത്തിനിടയിൽ ഡിഡിഇ ഭൂരിഭാഗം ദിവസവും അവധിയും പിന്നീട് റിട്ടേർഡ് അയി പോവുകയും ചെയ്തു.

ഓൺലൈനിൽ നിന്ന് മാറി ക്ലാസ്സുകൾ തുറന്നത് തന്നെ അധ്യയന വർഷത്തിലെ അവസാനമാണ്. എസ്എസ്എൽസി, പ്ലസ്ടു പബ്ലിക് പരീക്ഷകൾ നടക്കാൻ ഇരിക്കുകയും, മോഡൽ എക്സാം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, വിദ്യാർത്ഥികൾക്ക് പ്രത്യേകശ്രദ്ധ നൽകേണ്ട ഈ സമയത്ത് ജില്ലയിലെ വിദ്യാഭ്യാസ മേഖല നിർവ്വഹണ ഉദ്യോഗസ്ഥർ ഇല്ലാതെ പ്രതിസന്ധി നേരിടുന്നത്. കേരളത്തിലെ ഏറ്റവും അധികം കൊഴിഞ്ഞുപോക്ക് ഈ അധ്യയന വർഷം ഉണ്ടായ ജില്ലയും വയനാടാണ്. ജില്ലയുടെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഗുരുതരമായി കടന്നുപോകുമ്പോഴും ജില്ലയിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് നാളിതുവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. നിയമസഭ നടക്കുന്ന ഈ സമയത്ത് ജില്ലയുടെ മുഖ്യ പരിഗണന നൽകേണ്ട വിദ്യാഭ്യാസ മേഖലയിലെ ഈ അവസ്ഥ ഉന്നയിക്കാൻ പോലും തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് ജനങ്ങളോട് മറുപടി പറയാമെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജൽ ആവശ്യപ്പെട്ടു.

അത്യന്തം ദയനീയമായ അവസ്ഥയിലാണ് ജില്ലയുടെ വിദ്യാഭ്യാസ മേഖല കടന്നു പോകുന്നത്. കേരളത്തിലെ മറ്റു 13 ജില്ലകൾ 40 വിദ്യാഭ്യാസ ജില്ലയായും 160 ഉപജില്ലയായും വർഷങ്ങൾക്കു മുമ്പേ തന്നെ വിഭജിച്ചിരുന്നു. അതുകൊണ്ടു തന്നെ ഡിഇഒ, എഇഒമാർക്ക് ജോലിഭാരം കുറവും കുറഞ്ഞ സ്കൂളുകൾ ആയതുകൊണ്ട് കൃത്യമായി ശ്രദ്ധിക്കാനും സാധിക്കുന്നു. എന്നാൽ വയനാട് ജില്ല ഡിഇഒ, എഇഒ വിഭജന നടക്കാത്ത കേരളത്തിലെ ഏക ജില്ല ആയതുകൊണ്ട് ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ശ്രദ്ധിക്കേണ്ട ചുമതല ഒരൊറ്റ ഡിഇഒക്കാണ്.

ആ പദവിയാണ് നാലുമാസമായി ഒഴിഞ്ഞുകിടക്കുന്നത്. 92 സ്കൂളുകൾ ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥൻ ഇല്ലാത്തതു കൊണ്ട് തന്നെ പബ്ലിക് പരീക്ഷയുടെതടക്കം സർക്കാർ പ്രഖ്യാപിച്ചതോ ജില്ലാ പഞ്ചായത്ത് കൊണ്ടുവന്നതോയ ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ല. ഓഫീസിൽ ഉള്ള സമയത്ത് തന്നെ ജില്ല മുഴുവൻ കൈകാര്യം ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ് അപ്പോഴാണ് അവധിയിലും കൂടി പോയിരിക്കുന്നത്.

വിദ്യാഭ്യാസ ജില്ല ഉപജില്ല വിഭജനം വയനാട്ടിൽ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായിട്ടുള്ള ആവശ്യമാണ്. തിരുവനന്തപുരം 3/12, കൊല്ലം 3/12, പത്തനംതിട്ട 2/11, ആലപ്പുഴ 4/11, കോട്ടയം 4/13, ഇടുക്കി 2/7,എറണാകുളം 4/14, തൃശ്ശൂർ 3/12, പാലക്കാട് 3/12, മലപ്പുറം 4/17, കോഴിക്കോട് 3/17, കണ്ണൂർ 3/15, കാസർകോട് 2/7 എന്നിങ്ങനെയാണ് വിദ്യാഭ്യാസജില്ല ഉപജില്ലാ കണക്ക്. അപ്പോഴാണ് ഭൂമിശാസ്ത്രപരമായും കൂടി കൈകാര്യം ചെയ്യാൻ പ്രയാസമുള്ള വയനാട് ജില്ലയിൽ ഒരു വിദ്യാഭ്യാസ ജില്ലയും മൂന്ന് ഉപജില്ലയും. മറ്റ് ഉപജില്ലകളിൽ ഒരു എഇഓ 30 സ്കൂളുകൾ കൈകാര്യം ചെയ്യുമ്പോൾ നാട്ടിൽ അത് വൈത്തിരി ഉപജില്ല 62, സുൽത്താൻബത്തേരി 79, മാനന്തവാടിയിൽ 81മാണ്. മറ്റ് വിദ്യാഭ്യാസ ജില്ലകളിൽ ഡിഇഒ 35 സ്കൂളുകൾ കൈകാര്യം ചെയ്യുമ്പോൾ വയനാട്ടിൽ അത് 92 ആണ്.

എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ നമ്മൾ വയനാട്ടുകാർ എല്ലായിപ്പോഴും പതിനാലാം സ്ഥാനത്താണെന്ന് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല. ഈ വിഷയത്തിൽ കൃത്യമായ പരിഹാരമാണ് ആവശ്യം. ഈയൊരു വിഷയം കൃത്യമായി നിയമസഭയിൽ ഉയർത്തിക്കണ്ടു വരേണ്ടതും നടത്തി എടുക്കേണ്ടതും ജില്ലയിലെ ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. അടിയന്തരമായി ഇടപെടാൻ എംഎൽഎമാർ അടക്കമുള്ളവർ തയ്യാറായില്ലെങ്കിൽ ജനവികാരം അവർക്കെതിരായി മാറുമെന്നും പിപി ഷൈജൽ കൂട്ടിച്ചേർത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.