മനുഷ്യാവകാശ സിറ്റിങ്ങില്‍ 14 കേസുകള്‍ തീര്‍പ്പാക്കി ; ബിബിന്റെ പരാതി കേള്‍ക്കാനെത്തി മനുഷ്യാവകാശ കമ്മീഷൻ
*മനുഷ്യാവകാശ സിറ്റിങ്ങില്‍ 14 കേസുകള്‍ തീര്‍പ്പാക്കി*
കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ 42 കേസുകള്‍ പരിഗണിച്ചു. 14 കേസുകള്‍ പരിഹരിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത 11 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
*ബിബിന്റെ പരാതി കേള്‍ക്കാനെത്തി മനുഷ്യാവകാശ കമ്മീഷന്‍*
തുടര്‍ന്ന് പഠിക്കണം.. സ്വന്തമായ് വീട്, ഒരു ലാപ്ടോപ്പ് ഇതായിരുന്നു കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അദാലത്തില്‍ എത്തിയ ബിബിന്‍ ബാബുവിന്റെ സ്വപ്നങ്ങള്‍.കഴിഞ്ഞ 6 വര്‍ഷമായി കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട 24 കാരന് പരസഹായത്തോടെയല്ലാതെ ഹാളിലേക്കെത്തുക പ്രയാസകരമായിരുന്നു.ബുദ്ധിമുട്ട് മനസിലാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജു നാഥ് പരാതി കേള്‍ക്കാന്‍ ഹാളിനു പുറത്തു നിര്‍ത്തിയ ഓട്ടോയ്ക്കരികിലെത്തി.ബിബിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ അദ്ദേഹം ട്രൈബല്‍ ടെവലപ്പ്മെന്റ് ഓഫീസില്‍ റിപ്പോര്‍ട്ട് തേടി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.
2016 ഫെബ്രവരിയാലാണ് അമ്പലവയല്‍ കുമ്പാരക്കൊല്ലി ബിബിന്‍ ബാബു വീണ് സ്പൈനല്‍കോഡിന് പരിക്ക് പറ്റുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സ നടക്കുന്നുണ്ട്. നടക്കാനാവാതായതോടെ ബിബിന് പ്ലസ് വണ്‍ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ ചികിത്സക്കായി മേപ്പാടി താഴെ അരപ്പറ്റയില്‍ വാടക വീട്ടിലേക്ക് താമസം മാറി. 2010 ലെ സംസ്ഥാനതല സ്‌കൂള്‍ കബഡി മത്സരത്തില്‍ വയനാടിനെ പ്രതിനിധീകരിച്ച് ബിബിനും പങ്കെടുത്തിരുന്നു. കബഡി ബിബിന്റെ ഇഷ്ട വിനോദമാണ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ലിസ്റ്റില്‍ വന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ വീട് ലഭിച്ചില്ല. ബാബു ബിന്ദു ദമ്പതികളുടെ ഏക മകനാണ് ബിബിന്‍.